ബിജെപി സർക്കാർ അന്യായമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കുക : വെൽഫെയർ പാർട്ടി

New Update
hgvjhbjuyhyug

ആലുവ: ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തിയും ഭയപ്പെടുത്തിയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ അന്യായമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ബസ് സ്റ്റാൻഡിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും വഴങ്ങാത്തവരെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി തടവിലിടുകയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തുകയും റെയിൽവേ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തത് അത്യന്തം ഹീനവും ഭരണഘടന അനുവദിച്ചിട്ടുള്ള മതപരമായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.ഷെഫ്രിൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി അസൂറ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ട് നിസാർ കളമശ്ശേരി, ജില്ലാ സെക്രട്ടറിമാരായ ഷബീർ എം. ബഷീർ, മുനീറ കുന്നത്തുനാട് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.

Advertisment