/sathyam/media/media_files/2025/09/15/574cb22d-c71e-4a51-b740-41bc3a2ccf9f-2025-09-15-22-34-22.jpg)
മുക്കം: പ്രശസ്ത മാപ്പിളകവിയും ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവാധ്യാപകനുമായിരുന്ന യു കെ ഇബ്‌റാഹീം അബൂസഹ്ല അനുസ്മരണം സംഗീതസാന്ദ്രമാക്കി സ്ഥാപനത്തിലെ പൂർവ വിദ്യാർഥികൾ. ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ - ഇക്കോസ ആണ് അനുസ്മരണ സംഗമം സംഘടിപ്പിച്ചത്. 1960 കൾ മുതൽ സ്ഥാപനത്തിൽ പഠിച്ച പൂർവ വിദ്യാർഥികളുടെ ഗാനാലാപന മത്സരം, അക്കാദമിക് സെമിനാർ, ബാച്ച് സംഗമം, യു.കെ. ഇശൽരാവ് എന്നിവ അരങ്ങേറി.
മാപ്പിളപ്പാട്ട് ഗാനശാഖയിലെ ഏറ്റവും ജനകീയരായ കവികളിൽ ഒരാളാണ് യു കെ ഇബ്‌റാഹീം അബൂസഹ്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിൽ തന്‍റെ സർഗ്ഗ സിദ്ധി കൊണ്ട് ഇടപെട്ട അദ്ദേഹം അതിലളിതമായ പദാവലികളിലൂടെയും ഇസ്ലാമിക പ്രമാണങ്ങളിൽ ഊന്നിയ ഉപമകളിലൂടെയും വലിയ ആശയങ്ങൾ സമൂഹത്തിലേക്ക് കൈമാറി.
ദീർഘകാലം ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ അധ്യാപകനായിരുന്ന അദ്ദേഹം കോളജ് -മദ്റസ വാർഷികങ്ങൾക്ക് കുട്ടികൾക്ക് പാടാനായി എഴുതിയ പല പാട്ടുകളും പിന്നീട് മലയാളക്കര ഏറ്റെടുത്തു. മിന്നിതിളങ്ങും മിന്നാമിനുങ്ങിന്‍റെ കൂട്ടമെന്നോണം, ഇന്ന് ഇസ്ലാമിന്‍റെ പേരിൽ, റഹ്മാനെ പരമദയാലു എന്നിങ്ങനെയുള്ള അദ്ദേഹത്തിന്‍റെ രചനകളെല്ലാം ഇപ്പോഴും മാപ്പിളപ്പാട്ട് സദസ്സുകളിൽ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
മൂസാ നബിയും ഫിർഔനും, നൂഹ് നബിയുടെ സമുദായം, പതിനാല് നൂറ്റാണ്ട് പിന്നിട്ട അന്ത്യപ്രവാചകന്റെ ഹിജ്‌റ തുടങ്ങിയ മഹാകാവ്യങ്ങളും കഥാപ്രസംഗവും യു കെ പിന്തലമുറക്ക് വിട്ടേച്ചു പോയ നൈസർഗിക സമ്പാദ്യമാണ്.
അക്കാദമിക് സെമിനാർ മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്‍റ് കെ സുബൈർ അധ്യക്ഷത വഹിച്ചു. പി ടി കുഞ്ഞാലി, ഫൈസൽ എളേറ്റിൽ, ഡോ. ജമീൽ അഹ്മദ് എന്നിവർ വിഷയം അവതരിപ്പിച്ചു.
പ്രഫ. കെ പി കമാലുദ്ദീൻ, ഐ പി എച്ച് അസി. ഡയറക്ടർ കെ ടി ഹുസൈൻ, റസിയ ചാലക്കൽ, ഇ ബഷീർ, യു കെ അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. യു കെ സഹ്ല, യു കെ ഹംദ എന്നിവർ ഗാനം ആലപിച്ചു.
ഇക്കോസ ജനറൽ സെക്രട്ടറി ഷെബീൻ മെഹബൂബ് സ്വാഗതവും ജോ. സെക്രട്ടറി സലീന റഹ്മാൻ നന്ദിയും പറഞ്ഞു. ഇർഫാൻ മുഹമ്മദ് ഖിറാഅത്ത് അവതരിപ്പിച്ചു. ബാച്ച് സംഗമത്തിൽ ഇക്കോസ പ്രസിഡന്‍റ് ഡോ. സി.പി. ശഹീദ് റംസാൻ അധ്യക്ഷത വഹിച്ചു. ഒ.പി. അബ്ദുസ്സലാം മൗലവി, ഒ. അബ്ദുല്ല, കെ.സി. അബ്ദുല്ലത്തീഫ്, എ. റഹ്മത്തുന്നീസ, പി. അബ്ദുൽ ഹഖ്, കെ. സുബൈദ തുടങ്ങിയവർ സംസാരിച്ചു.
സമാപന സംഗമത്തിൽ അബൂസഹ്ലയുടെ പാട്ടുകൾ കോർത്തിണക്കി ജാബിർ സുലൈമും സംഘവും നയിച്ച ‘യു കെ ഇശൽരാവ്’ നിറഞ്ഞ സദസ്സിന് വരികളും സ്വരവും കൂട്ടിച്ചേർത്ത മധുര വിഭവമായി .
വി പി ഷൗക്കത്തലി ആമുഖവും വി കെ എം അഷ്ഫാഖ് നന്ദിയും പറഞ്ഞു.