യുവജന കമ്മിഷൻ അദാലത്ത്: ഒൻപത് പരാതികൾ തീർപ്പാക്കി

New Update
ADALATH.jpg

കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്തിൽ ഒൻപത് പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിലെ തൂലിക ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. 11 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി നാലുപരാതികൾ ലഭിച്ചു. പോലീസ്, ആരോഗ്യമേഖല, ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തുടങ്ങിയ കേസുകളാണ് കൂടുതലായും കമ്മിഷനു മുമ്പാകെ വന്നത്. 

Advertisment

മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ചങ്ങനാശ്ശേരി സ്വദേശിയായ വിദ്യാർഥിയുടെ എസ്.എൽ.എസ്.സി സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവത്തിൽ കമ്മിഷൻ ഇടപ്പെട്ടു. ഇന്റേൺഷിപ്പ് ചെയ്തില്ലെന്ന കാരണത്താലാണ് സർട്ടിഫിക്കറ്റ് തടഞ്ഞതെന്നുള്ള സ്ഥാപനത്തിന്റെ മറുപടി കമ്മിഷൻ തള്ളി. ആ കാരണത്താൽ എസ്.എൽ.എസ്.സി. സർട്ടിഫിക്കറ്റ് തടഞ്ഞു വെയ്ക്കാൻ കഴിയില്ലെന്നും സർട്ടിഫിക്കറ്റ് വിദ്യാർഥിക്ക് ലഭ്യമാക്കാനും കമ്മീഷൻ ഉത്തരവിട്ടു. 

വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ, പഠനാവശ്യത്തിന് വിദ്യാർഥികൾ പോകുമ്പോൾ സ്ഥാപനത്തിന്റെ വിശ്വാസ്യത, പഠിക്കുന്ന കോഴ്സിന്റെ സാധ്യതകൾ എന്നിവയെല്ലാം പരിശോധിക്കണമെന്ന് കമ്മിഷൻ പറഞ്ഞു. വിദ്യാർഥികൾ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം കൂടിവരുന്നതായും അതിൽ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ അധ്യക്ഷൻ എം. ഷാജിർ പറഞ്ഞു.

കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ്, കമ്മീഷൻ സെക്രട്ടറി ഡി. ലീന ലിറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, ലീഗൽ അഡൈ്വസർ അഡ്വ. ബാലമുരളി, കമ്മീഷൻ അസിസ്റ്റന്റ് അഭിഷേക് പി. നായർ എന്നിവർ പങ്കെടുത്തു.

Advertisment