പെട്രോൾ, ഡീസൽ വില കുതിക്കുന്നതിന് കാരണം ഇതാണ്

New Update

publive-image

പെട്രോൾ ഡീസൽ വില കുതിച്ച് ഉയരുകയാണ്. രാജ്യത്ത് നിലവിൽ പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ളത് മുബൈയിലാണ്. രാജ്യത്ത് ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ വില എന്ന് കുറയുമെന്നതാണ് എല്ലാ കോണുകളില്‍ നിന്നുമുയരുന്ന ചോദ്യം. കഴിഞ്ഞ മെയ് മുതല്‍ ഇടവിട്ട ദിവസങ്ങളിലും ഓയില്‍ കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മെയ് ആദ്യ ആഴ്ച മുതല്‍ ഇതുവരെ 35 തവണയാണ് ഇന്ധന വില ഉയര്‍ന്നത്.

Advertisment

പെട്രോൾ വില നിയന്ത്രിക്കണം എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ആർബിഐ ഗവർണറും രംഗത്ത് എത്തിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് പെട്രോൾ വില വർദ്ധിക്കാൻ പ്രാധാന കാരണം എന്നും ആർബിഐ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഇന്ധന വില വര്‍ധന ജനജീവിതത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. വിലക്കയറ്റത്തോടൊപ്പം യാത്രക്കായി സ്വകാര്യവാഹനങ്ങളെയും ടാക്‌സിയെയുമാണ് സാധാരണക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്.

ഇന്ധനവില കുറക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം. എന്നാല്‍, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയ പാചകവാതകത്തിനും വില ഉയര്‍ന്നു. സമീപകാലത്തൊന്നും ഇന്ധന വില കുറയില്ലെന്നാണ് എണ്ണ വിപണി നല്‍കുന്ന സൂചന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് കാരണം വില കുറക്കാന്‍ ഓയില്‍ കമ്പനികള്‍ക്ക് സാധിക്കില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ക്രൂഡ് ഓയില്‍ വില എത്തിയത്. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ വ്യക്തമാക്കിയതോടെ അസംസ്‌കൃത എണ്ണയുടെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സാഹചര്യം പരിഗണിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടെങ്കിലും ഒപെക് പ്ലസ് രാജ്യങ്ങള്‍ അംഗീകരിച്ചില്ല.

ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടെന്നാണ് ചില രാജ്യങ്ങളുടെ തീരുമാനം. അതുകൊണ്ടുതന്നെ ക്രൂഡ് വില 2018ന് ശേഷം ബാരലിന് 77 ഡോളറിലെത്തി. ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം അവസാനം വരെ പ്രതിദിനം നാല് ലക്ഷം ബാരലുകള്‍ അധികം ഉല്‍പാദിപ്പിക്കാന്‍ സൗദി അറേബ്യയും റഷ്യയും സമ്മതിച്ചെങ്കിലും യുഎഇ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.

എണ്ണ ഉല്‍പാദനവും വിതരണവും ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിച്ചില്ലെങ്കില്‍ ബാരലിന് 100 ഡോളര്‍ വരെ എത്തുമെന്ന് ഇന്‍ര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറയുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ വീണ്ടും ഇന്ധനവില ഉണ്ടാകും. ബാരലിന് 80 ഡോളര്‍ ആയാല്‍ പോലും ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചേക്കാം.

കേന്ദ്ര-സംസ്ഥാന നികുതി വര്‍ധനവും അതേസമയം രാജ്യത്തെ ഇന്ധനവില ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ക്രൂഡ് ഓയില്‍വില റെക്കോര്‍ഡ് തകര്‍ച്ച നേരിട്ട 2020ല്‍ പോലും രാജ്യത്തെ ഇന്ധന വിലയില്‍ കുറവുണ്ടായിട്ടില്ല. നികുതി കുറക്കുമെന്ന് സൂചനപോലും സര്‍ക്കാര്‍ നല്‍കുന്നില്ല. ദില്ലി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്ലെല്ലാം പെട്രോള്‍ വില നൂറ് രൂപയും ഡീസല്‍ വില 90 രൂപയും കടന്നു.

NEWS
Advertisment