കുവൈറ്റിലെ കൃഷിയിടങ്ങളില്‍ വെട്ടുകിളി ശല്യം രൂക്ഷം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, February 23, 2020

കുവൈറ്റ്‌ : കുവൈറ്റിലെ കൃഷിയിടങ്ങളില്‍ വെട്ടുകിളി ശല്യം രൂക്ഷം  . വഫ്രയിലും അബ്ദലിയിലും വെട്ടുകിളിക്കൂട്ടങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അധികൃതർ ജാഗ്രതയിലാണ്. കീടനാശിനി സ്പ്രേ ചെയ്തും മറ്റും മുൻ‌കരുതലുകൾ ശക്തമാക്കി.

വെട്ടുകിളികൾ പഴയകാലം തൊട്ട് അറബികളുടെ ഇഷ്ടഭക്ഷണമാണ്. സീസണുകളിൽ വെട്ടുകിളികളെ ശേഖരിച്ച് എണ്ണയിൽ മൊരിച്ചെടുത്ത് കഴിക്കുക എന്നത് ശീലമാണ്. ആരോഗ്യത്തിന് ഹാനികരമായി വെട്ടുകിളികളെ കണക്കാക്കുന്നുമില്ല. ചില കാലങ്ങളിൽ വെട്ടുകിളികളെ ഭക്ഷണപ്പാകമാക്കി വിൽ‌പന നടത്തുന്ന കടകളും സജീവമാകാറുണ്ട്.

എന്നൽ, കുവൈത്തിൽ കഴിഞ്ഞ വർഷം വെട്ടുകിളികൾ അമിതമായതോടെ വിളവുകൾക്ക് വിഘാതമായി. ഇതോടെ കൃഷി അതോറിറ്റി അധികൃതർ രംഗത്തെത്തി. വെട്ടുകിളികളെ തുരത്താൻ കീടനാശിനി സ്പ്രേ ചെയ്തു. വെട്ടുകിളികൾ കൂട്ടമായി ചത്തൊടുങ്ങി. കീടനാശിനി പ്രയോഗം കാരണം വെട്ടുകിളികൾ ഭക്ഷ്യയോഗ്യമല്ലാതായതിനൊപ്പം കാർഷിക വിളകളിലും കീടനാശിനി അധികമായി. അതോടെ വെട്ടുകിളികൾ അറബികളുടെ തീൻ മേശയിൽനിന്ന് പുറത്തുപോകേണ്ട അവസ്ഥയുമാണ്.

കുവൈത്തിലെ അബ്ദലിയിൽ കഴിഞ്ഞ ദിവസമാണ് വെട്ടുകിളിക്കൂട്ടം എത്തിയത്. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് ഒരുദിക്കിൽനിന്ന് മറ്റൊരിടത്തേക്ക് വെട്ടുകിളി പ്രയാണം.
അതിവേഗം വ്യാപിക്കുന്നതാണ് വെട്ടികിളിക്കൂട്ടം. ചതുരശ്രമൈലിനകത്ത് 10ലക്ഷത്തിലേറെ വെട്ടുകിളിക്കൂട്ടങ്ങളുണ്ടാകാം.

അവ അതിവേഗം നൂറുക്കണക്കിന് ചതുരശ്രമൈൽ വിസ്തൃതിയിൽ പടരുകയും ചെയ്യും. ദിവസം 150കിലോമീറ്ററിലേറെ പറക്കാൻ ശേഷിയുള്ള വെട്ടുകിളികൾ അതിവേഗ പ്രത്യുത്പാദനശേഷിയുള്ളവയുമാണ്. ഇത്തവണ യെമനിലും സൗദി അറേബ്യയിലുമൊക്കെ വെട്ടുകിളികളുടെ വലിയ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

×