‘കുടുക്ക് പാട്ടിന്’ കിടിലന്‍ ഡാന്‍സുമായി വൈദികന്‍

ഫിലിം ഡസ്ക്
Tuesday, September 17, 2019

‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുംമുമ്പേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ കുടുക്ക് പാട്ട്. മനോഹരമായ ഈ ഗാനം നിരവധി പ്രേക്ഷകരാണ് ഏറ്റുപാടിയത്. കുടുക്ക് പാട്ടിന് കിടിലന്‍ ഡാന്‍സുമായെത്തിയിരിക്കുകയാണ് ഒരു വൈദികന്‍.

പുരോഹിതനായ മാത്യു കിഴക്കേച്ചിറയാണ് കുടുക്ക് പാട്ടിന് ഗംഭീരമായി ഡാന്‍സ് കളിക്കുന്നത്. വൈദികന്റെ ഈ പ്രകടനം ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന മലയാളികളുടെ പ്രിയ താരം നിവിന്‍ പോളിയടക്കം പുരോഹിതന്റെ ഈ ഡാന്‍സ് പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

മനു മഞ്ജിത്ത് ആണ് ‘കുടുക്ക്’ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

×