Middle East & Gulf

കിരീടാവകാശി പുനസംഘടിപ്പിച്ച അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് ഉപാദ്ധ്യക്ഷനായി എംഎ യൂസഫലി; പ്രവാസി മലയാളിയായ വിശ്വപൗരൻ കൂടുതൽ ഉയരങ്ങളിലേയ്ക്ക്…

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, July 27, 2021

ജിദ്ദ/അബൂദബി: അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുനസംഘാടനം.

പുതിയ ഡയറക്ടർ ബോർഡിൽ രാജ്യാന്തര ബിസിനസ് വ്യക്തിത്വവും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി ആണ് വൈസ് ചെയർമാൻ. അബൂദാബിയിലെ വാണിജ്യ വ്യവസായ രംഗത്തുള്ള 29 പ്രമുഖർ ഉൾപ്പെടുന്ന പുതിയ ഡയറക്ടർ ബോർഡിലെ ഏക ഇന്ത്യക്കാരനാണ് നാട്ടിക സ്വദേശിയായ യൂസഫലി.

മലയാളികളുടെയും ഇന്ത്യയുടേയും അഭിമാനം ഉയർത്തി വിദേശ രാജ്യങ്ങളിൽ ആഴത്തിലുള്ള സ്വാധീനവും അവിടങ്ങളിലെ ഉന്നത സ്ഥാനങ്ങളും അംഗീകാരവും നേടിയെടുക്കുകയാണ് എംഎ യൂസുഫലി. കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതിയായ അബൂദാബി അവാർഡ് നൽകി യുഎഇ യൂസഫലിയെ ആദരിച്ചിരുന്നു.

യുഎഇയുടെ ഉന്നത സിവിലിയൻ ബഹുമതി കിരീടാവകാശി കഴിഞ്ഞ ഏപ്രിലിൽ എംഎ യുസഫലിയ്ക്ക് സമ്മാനിക്കുന്നു (ഫയൽ ഫോട്ടോ)

വാണിജ്യ-വ്യവസായ മേഖലയിലും ജീവകാരുണ്യ രംഗത്തും നൽകുന്ന മികച്ച പിന്തുണക്കുള്ള അംഗീകാരമായിട്ടായിരുന്നു ഉന്നത സിവിലിയൻ പുരസ്കാരം. അതിന് ശേഷം മൂന്ന് മാസം കഴിയുമ്പോഴേക്കാണ് അസൂയാർഹമായ മറ്റൊരു പദവി യൂസഫലിയെ തേടിയെത്തുന്നത്.

ചെയർമാൻ, രണ്ട് വൈസ് ചെയർമാൻമാർ, ട്രഷറർ, ഡെപ്യുട്ടി ട്രഷറർ എന്നിവർ അടങ്ങുന്നതാണ് അബുദാബി ചേംബറിലെ മുഖ്യ സ്ഥാനങ്ങൾ. അബ്ദുല്ല മുഹമ്മദ് അൽമസ്റൂഇ – ചെയർമാൻ, അലി ബിൻ ഹർമൽ അൽദാഹിരി – ഫസ്റ്റ് വൈസ് ചെയർമാൻ, മസ്ഊദ് റഹ്‌മ അൽമസ്ഊദ് – ട്രഷറർ, സഈദ് ഗുർമാൻ അൽറിമൈത്തി – ഡെപ്യൂട്ടി ട്രഷറർ എന്നിവരാണ് യൂസഫലിയെ കൂടാതെ പുതിയ ചേംബറിലെ മുഖ്യ സ്ഥാനങ്ങൾ വഹിക്കുന്നവർ.

ആത്മാർത്ഥതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും തന്നിൽ അർപ്പിതമായ കടമ നിർവഹിക്കുമെന്നും ഇന്ത്യ – യുഎഇ സഹകരണവും ഇരു രാജ്യങ്ങളുടെയും അഭിവൃദിക്ക് വേണ്ടിയും തുടർന്നും സജീവമായി പ്രവർത്തിക്കുമെന്നും ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ പദവിയിൽ നിയമിതനായ ശേഷം യൂസുഫലി പ്രതികരിച്ചു. “എളിമയുടെയും അഭിമാനത്തോടെയും പുതിയ നിയമനം ഏറ്റെടുക്കുന്നു. ദീർഘദർശികളായ യു എ ഇ ഭരണാധികാരികളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നു” – യൂസുഫലി തുടർന്നു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബർ. അബൂദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബൂദബി ചേംബർ.

യുഎഇയുടെ തലസ്ഥാനമായ അബൂദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അബുദാബി ചേംബറിൽ അംഗങ്ങളാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിെൻറ അനുമതി ആവശ്യമാണ്. വാണിജ്യ സമൂഹത്തെയും ഗവൺമെൻറിനെയും കൂട്ടിച്ചേർക്കുന്ന ചലനാത്മകമായ കണ്ണിയാണ് സർക്കാർ സ്ഥാപനമായ ചേംബർ ഓഫ് കൊമേഴ്‌സ്.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഇരുനൂറോളം ലോകോത്തര ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുള്ള ലുലു ഗ്രൂപ്പിന് യുഎസ്എ, യുകെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായിലാൻഡ് എന്നിവയടക്കം 14 രാജ്യങ്ങളിൽ ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്.

കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ച ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു. ലുലു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്പത്തി എട്ടായിരം ജീവനക്കാരിൽ മുപ്പത്തിരണ്ടായിരം പേർ ഇന്ത്യക്കാരാണെന്നും ഇവരിൽ 29,460 പേർ മലയാളികളാണ്.

മഹാമാരിയുടെ ആകുലതകൾക്കിടയിലും ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 26 പുതിയ യൂണിറ്റുകൾ ആരംഭിക്കാൻ ലുലുവിന് സാധിച്ചു. അടുത്ത രണ്ടു വർഷങ്ങൾക്കിടയിൽ 30 പുതിയ ഹൈപ്പർമാർക്കറ്റ് യൂണിറ്റുകൾ കൂടി തുറക്കാനാണ് ലുലു ലക്ഷ്യമാക്കുന്നത്.

തുറക്കാനിരിക്കുന്ന മുപ്പതു സ്റ്റോറുകളിലായി ഏകദേശം രണ്ടായിരത്തിലേറെ പേർക്ക് പുതുതായി തൊഴിലവസരം ഉണ്ടാവുകയും ചെയ്യുമെന്നും യൂസുഫലി അറിയിച്ചു. കൊച്ചി, നോയിഡ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനും ലുലുവിന് പദ്ധ്വതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

×