ഐപിസിഎൻഎ 'മാധ്യമശ്രീ' അവാർഡ്: തോമസ് ജേക്കബ് ജഡ്ജിംഗ് കമ്മിറ്റി അധ്യക്ഷൻ

New Update

publive-image

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) ഏഴാമത് മാധ്യമശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുവാൻ നാലംഗ ജഡ്ജിംഗ് പാനലിനെ ചുമതലപ്പെടുത്തി. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്‌സാണ്ടർ ജേക്കബ്, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ്. ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. എം.വി പിള്ള എന്നിവരാണ് അംഗങ്ങൾ. പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

Advertisment

മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. കൂടാതെ അവാർഡ് ജേതാവിനെ നവംബർ രണ്ടാം വാരം ചിക്കാഗോയിലെ ഹോളിഡേ ഇൻ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രസ് ക്ലബ് ഇന്റർനാഷണൽ കോൺഫെറെൻസിലേക്ക് ക്ഷണിക്കുകയും ചെയ്യും.

എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ (മനോരമ) എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോൾ എം.എൽ.എ ആയ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ് എന്നിവരാണ് നേരത്തെ ഈ അവർഡ് നേടിയിട്ടുള്ളത്.

മാധ്യമ രംഗത്ത് പത്ത് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് മാധ്യമശ്രീ അവാർഡിന് അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റ് ചെയ്യാം. വിവരങ്ങൾ ഈ-മെയിലിൽ അറിയിക്കുക indiapressclubofna@gmail.com

കോവിഡിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രീ പുരസ്‌കാരം നൽകുന്ന ചടങ്ങുകൾ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ നാഷനൽ എക്സിക്യുടിവിന്റെയും ചാപ്ടർ പ്രസിഡന്റുമാരുടെയും യോഗം നടന്നു. ജനറൽ സെക്രട്ടറി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എല്ലാ ചാപ്റ്റർ പ്രെസിഡന്റുമാരും പങ്കെടുത്തു.

us news
Advertisment