ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു; ഇന്റർനാഷണൽ കോൺഫറൻസ് ചിക്കാഗോയിൽ...

New Update

publive-image

ചിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) പതിവ് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടുവെങ്കിലും സംഘടനയുടെ പ്രധാന പ്രോഗ്രാമുകളിൽ ഒന്നായ മാധ്യമ ശ്രീ പുരസ്‌കാരത്തിന് കേരളത്തിലെ അർഹരായ മാധ്യമ പ്രവർത്തകരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ (ചിക്കാഗോ) അധ്യക്ഷതയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

Advertisment

എല്ലാ പ്രാവശ്യത്തെയും പോലെ പ്രമുഖരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ നിർണയിക്കുക എന്ന് നാഷണൽ സെക്രട്ടറി സാമുവേൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) അറിയിച്ചു. മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.

ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക 'ഇന്റർനാഷണൽ കോൺഫറൻസ് 2021' നവമ്പറിൽ ചിക്കാഗോയിലെ എയർപോർട്ടിനടുത്തുള്ള ഹോട്ടൽ സമുച്ചയത്തിൽ നടത്താനാണ് തീരുമാനം. കോൺഫറൻസ് സാധാരണ നടത്താറുള്ള രീതിയിൽ വിപുലമായി തന്നെ നടത്താനുള്ള തയാറെടുപ്പുകളിൽ ആണ് ഇന്ത്യ പ്രസ് ക്ലബ്. അപ്പോഴേക്കും കോവിഡിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്നു ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു.

നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമരത്ന അവാർഡും പതിവുപോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും, അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരും, സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ ദേശീയ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോർജ്, ജോ. ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും പങ്കെടുത്തു.

ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി മാസികയുടെ ചീഫ് എഡിറ്ററാണ് ബിജു കിഴക്കേക്കുറ്റ്. ചിക്കാഗോ മേഖലയിലെ ആദ്യകാല മലയാളി പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് നിര്‍മ്മാണത്തിലും സജീവ പങ്കുവഹിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപകാംഗമാണ്. കോണ്‍ഗ്രസംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്നിക്ക് ടാസ്‌ക് ഫോഴ്സ് അംഗമായും പ്രവര്‍ത്തിക്കുന്നു.

നോർത്തമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്‍മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂടുതൽ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കുന്നതായും, താല്പര്യമുള്ളവർ അതാത് ചാപ്റ്ററുകളിലെ പ്രെസിഡന്റുമാരുമായി ബന്ധപ്പെടാവുന്നതുമാണ്.

us news
Advertisment