ശിവരാത്രി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മഹോത്സവം

ഭക്ഷണത്തിന്റെ ആധിക്യം മനുഷ്യനെ മന്ദതയിലേക്കും ഉറക്കത്തിലേക്കും നയിക്കുന്നു. ഉപവാസത്തിലൂടെ ശരീരം ലഘുവാകുകയും ബുദ്ധി തെളിയുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ഈശ്വരചിന്ത എളുപ്പമാകുന്നു.

New Update
Untitled

ഭാരതീയ വിശ്വാസമനുസരിച്ച് ദേവാധിദേവനായ മഹാദേവന് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് മഹാശിവരാത്രി. ഓരോ മാസത്തിലും ശിവരാത്രി വരാറുണ്ടെങ്കിലും കുംഭമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി 'മഹാശിവരാത്രി'യായി ആചരിക്കപ്പെടുന്നു. കേവലം ഒരു ആചാരമെന്നതിലുപരി മനുഷ്യജീവിതത്തിന് വഴികാട്ടുന്ന വലിയൊരു ദര്‍ശനമാണ് ഈ പുണ്യദിനം.

Advertisment

ശിവന്‍ എന്നാല്‍ 'മംഗളകാരി' എന്നാണ് അര്‍ത്ഥം. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ സംഹാരം (ലയം) നിര്‍വ്വഹിക്കുന്ന മൂര്‍ത്തിയാണ് അദ്ദേഹം. പഴയതിനെ നശിപ്പിച്ചു പുതിയതിന് വഴിതുറക്കുക എന്ന പ്രപഞ്ച സത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. നമ്മുടെ ഉള്ളിലെ തിന്മകളെയും അഹങ്കാരത്തെയും സംഹരിച്ച് നന്മയുടെ പുതിയൊരു ലോകം പടുത്തുയര്‍ത്താന്‍ ശിവരാത്രി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


ശിവരാത്രി ദിനത്തിലെ പ്രധാന അനുഷ്ഠാനങ്ങളായ ഉപവാസവും ജാഗരണവും വെറും ശാരീരിക പീഡനങ്ങളല്ല, മറിച്ച് മനസ്സിനെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

ഭക്ഷണത്തിന്റെ ആധിക്യം മനുഷ്യനെ മന്ദതയിലേക്കും ഉറക്കത്തിലേക്കും നയിക്കുന്നു. ഉപവാസത്തിലൂടെ ശരീരം ലഘുവാകുകയും ബുദ്ധി തെളിയുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ഈശ്വരചിന്ത എളുപ്പമാകുന്നു.

ഇരുട്ടിനെ ഭേദിച്ച് വെളിച്ചത്തെ കാത്തിരിക്കുന്ന പ്രക്രിയയാണ് ജാഗരണം. നമ്മുടെ ഉള്ളിലെ അജ്ഞതയാകുന്ന ഇരുട്ടിനെ മാറ്റി ജ്ഞാനമാകുന്ന പ്രകാശത്തെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്നതാണ് ജാഗരണം.


ശിവരാത്രി നാളില്‍ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും രുദ്രാഭിഷേകവും നടക്കുന്നു. ജലം, പാല്‍, നെയ്യ്, തേന്‍ തുടങ്ങിയവ കൊണ്ട് ലിംഗരൂപത്തില്‍ അഭിഷേകം ചെയ്യുന്നത് ഭക്തന്റെ ഹൃദയശുദ്ധീകരണത്തിന്റെ പ്രതീകമാണ്. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കുമ്പോള്‍ മനസ്സിലെ ഭയം നീങ്ങുകയും ആത്മവിശ്വാസം കൈവരികയും ചെയ്യുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.


പൂജയില്‍ ഉപയോഗിക്കുന്ന കൂവളത്തിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. പ്രപഞ്ചത്തിലെ തൃഗുണങ്ങളെയും (സത്വം, രജസ്സ്, തമസ്സ്) ശിവന്റെ തൃക്കണ്ണിനെയും ഇത് സൂചിപ്പിക്കുന്നു. കഠിനമായ കൂരിരുട്ടുള്ള രാത്രിയില്‍ ശിവനെ ആരാധിക്കുന്നതിലൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഈശ്വരകൃപ കൂടെയുണ്ടാകുമെന്ന ഉറച്ച ബോധ്യമാണ് ലഭിക്കുന്നത്.

Advertisment