മലബാറിന്റെ സമഗ്രവികസനത്തിന് സമാന സംഘടനകളുടെ ഐക്യവേദി രൂപീകരിക്കും; അതിജീവനത്തിന് പ്രോട്ടോകോൾ പാലിച്ചു സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ & വയനാട് ചേംബർ ഓഫ് കൊമേഴ്സ്

സുഭാഷ് ടി ആര്‍
Friday, July 16, 2021

കോഴിക്കോട്: ആൾക്കൂട്ടവും, തിരക്കും കുറക്കുന്നതിന് പ്രോട്ടോകോൾ പാലിച്ചു സ്ഥാപനങ്ങൾ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും. മലബാറിലെ സമഗ്രവികസനത്തിന് പ്രായോഗിക പദ്ധതികൾ മുൻഗണനാ ക്രമത്തിൽ ആവിഷ്കരിക്കുന്നതിനും വ്യാപാര – വ്യവസായ – ഗതാഗത – ടൂറിസ – ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെ സമാന സംഘടനകളുടെ ഐക്യവേദി രൂപീകരിക്കുവാൻ ഇന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന കൗൺസിലിന്റെയും, വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളുടെയും സംയുക്ത യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഇന്ന് മുഖ്യമന്ത്രി വ്യാപാരപ്രതിനിധികളുമായി നടത്തുന്ന ചർച്ചയിൽ വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. യോഗാനന്തരം സ്ഥാപനങ്ങൾ എല്ലാം തുറക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഇമെയിൽ വഴി ബഹു മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.

കോവിഡാനന്തരം ചുരുങ്ങിയ ചിലവിൽ ജീവിക്കാനുള്ള പദ്ധതികൾ സർക്കാരും, സന്നദ്ധ സംഘടനകളും യോജിച്ച് ആവിഷ്കരിക്കണമെന്നും, മലബാറിന്റെ പ്രത്യേകിച്ച് വയനാടിന്റെ ടൂറിസം സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ആനുകൂല്യം ലഭിക്കാത്ത അർഹരായവർക്ക് സാമ്പത്തിക സഹായവും, പരിരക്ഷയും നേടിയെടുക്കുന്നതിന് ഐക്യവേദി എത്രയും വേഗം രൂപീകരിച്ചു പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു.

വയനാട് ചേംബർ നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കേബിൾ കാർ പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടിലെ വിവിധ മേഖലകളിൽ ചേമ്പർ കൊമേഴ്സ് മുൻകൈയെടുത്ത് 750 കോടിയിലധികം വിവിധ സംരംഭങ്ങൾ ആണ് ആവിഷ്കരിക്കാൻ പദ്ധതിയിട്ടത്. ഇതിന് മലബാറിലെ വിവിധ ചെമ്പർ ഓഫ് കൊമേഴ്സ് കളുടെയും ബന്ധപ്പെട്ട സംഘടനകളുടെയും സഹകരണം വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കോവിഡ് നിയന്ത്രണം പാലിച്ച് 2021 ജൂലൈ 27 ന് ബത്തേരി സപ്ത റിസോർട്ട് ആൻഡ് സ്പാ യിൽ വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് ഐക്യവേദി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഭാവി പ്രവർത്തനങ്ങൾ നടത്തുന്നതിന് വയനാട് ചേംബർ പ്രസിഡണ്ട് ജോണി പറ്റാണി ചെയർമാനായും, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ സി. ഇ. ചാക്കുണ്ണി, ഖജാൻജി എം.വി. കുഞ്ഞാമു, വയനാട് ചേംബർ സെക്രട്ടറി ഇ.പി. മോഹൻദാസ് എന്നിവരടങ്ങിയ അഞ്ചംഗ സമിതിക്ക് രൂപം നൽകി.

യോഗത്തിൽ മലബാർ ഡെവലപ്‌മെന്റ് കൌൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വയനാട് ചേംബർ പ്രസിഡണ്ട് ജോണി പറ്റാണി മുഖ്യ പ്രഭാഷണം നടത്തി. വയനാട് ചേംബർ സെക്രട്ടറിയും, മുൻ കേരള സർവ ശിക്ഷ അഭിയാൻ ഡയറക്ടറും, വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ സെക്രട്ടറിയുമായ ഇ.പി. മോഹൻദാസ് വയനാടിന്റെ അടിയന്തിര ആവശ്യങ്ങൾ മുൻഗണനാക്രമത്തിൽ യോഗത്തിൽ വിശദീകരിച്ചു.

ഡയറക്ടർമാരായ മിൽട്ടൺ ഫ്രാൻസിസ്, മോഹൻ ചന്ദ്രഗിരി, മലബാർ ഡവലപ്മെന്റ് കൌൺസിൽ ഖജാൻജി എം.വി. കുഞ്ഞാമു ,സെക്രട്ടറി പി.ഐ.അജയൻ എന്നിവർ സംസാരിച്ചു . കൌൺസിൽ പ്രസിഡന്റ് ഷെവലിയർ സി ഇ ചാക്കുണ്ണി വയനാട്ടിൽ നിന്നെത്തിയ ചേമ്പർ ഭാരവാഹികൾക്ക് പൊന്നാട കൈമാറി. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ സ്വാഗതവും, സി.സി.മനോജ് നന്ദിയും രേഖപ്പെടുത്തി.

യോഗാനന്തരം വയനാട് ചേമ്പർ പ്രതിനിധികൾ സഹകരണ മേഖലയിലെ ആദ്യത്തെ സ്റ്റാർ ഹോട്ടൽ വയനാട്ടിലെ ബത്തേരിയിൽ സ്ഥാപിച്ചതിന് ലാഡറിന്റെ കേന്ദ്ര ഓഫീസിൽ ചെയർമാൻ സി.എൻ. വിജയകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി നന്ദി അറിയിക്കുകയും, വയനാട്ടിലെ വികസനത്തിന് സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

×