റാസൽഖൈമ: ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്.
റാസൽഖൈമ അൽഗൈലിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അൽഗൈലിലെ ടർഫിൽ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്. തുടർന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചിൽ വന്നിരുന്നു.
ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആശുപത്രിയിൽ പോയില്ല. എന്നാൽ അൽപ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.