കൊച്ചി: ഈ സാമ്പത്തിക വര്‍ഷം 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 483.19 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 414.26 കോടി രൂപയായിരുന്ന മൊത്ത അറ്റാദായം ഇത്തവണ 16.64 ശതമാനം വര്‍ധിച്ചു. ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം 465.29 കോടി രൂപയാണ്.
കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 14.46 ശതമാനം വര്‍ധിച്ച് 1,643.81 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 1,436.19 കോടിയായിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ ആകെ ആസ്തി 14.70 ശതമാനം വര്‍ധിച്ച് 27,642.48 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 24,099.95 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 65 പൈസ വീതം ഇടക്കാല ലാഭവിഹിതമായി വിതരണം ചെയ്യാനും തൃശൂര്‍ വലപ്പാട് ചേര്‍ന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഈ പാദത്തില്‍ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്ന സാമ്പത്തിക ഫലങ്ങള്‍ ഒരിക്കല്‍ കൂടി നേടാൻ സാധിച്ചു. സ്വര്‍ണ വായ്പകളിലാണ് മികച്ച മുന്നേറ്റമുണ്ടായത്. കമ്പനിയുടെ കീഴിലുള്ള മൈക്രോഫിനാന്‍സ് വിഭാഗങ്ങളുടെ പ്രവര്‍ത്തന മികവും ശ്രദ്ധേയമാണ്. മഹാമാരി ഉയര്‍ത്തിയ ആശങ്കകളെല്ലാം തീര്‍ന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുടർന്നും മികച്ച വളര്‍ച്ചയോടെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വി. പി നന്ദകുമാര്‍ പറഞ്ഞു.
കമ്പനിയുടെ സ്വര്‍ണ വായ്പ ആസ്തി 24.43 ശതമാനം വളര്‍ച്ച നേടി 20,211.58 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതു 16,242.95 കോടി ആയിരുന്നു. ഈ പാദത്തില്‍ 57,445.14 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു. 2020 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 26.2 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.
മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് ഈ ത്രൈമാസത്തില്‍ 6.68 ശതമാനത്തിന്റെ ആസ്തി വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 5,022.14 കോടി ആയിരുന്നത് ഇത്തവണ 5,357.71 കോടി രൂപയായി. ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് 633.44 കോടി രൂപയും വെഹിക്കിള്‍സ് ആന്റ് എക്യുപ്മെന്റ്സ് ഫിനാന്‍സ് വിഭാഗം 988.04 കോടി രൂപയും ആസ്തി രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 26.88 ശതമാനവും സ്വര്‍ണ വായ്പേതര ബിസിനസിന്റെ സംഭാവനയാണ്.
2020 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ മൊത്ത ആസ്തി മൂല്യം 6,869.65 കോടി രൂപയാണ്. പ്രതി ഓഹരി ബുക്ക് വാല്യൂ 81.19 രൂപയും. കമ്പനിയുടെ മൊത്തം വായ്പ (borrowing) 23,374.38 കോടി രൂപയാണ്. ഉപസ്ഥാപനങ്ങളെ ഒഴിച്ചുള്ള കമ്പനിയുടെ ശരാശരി വായ്പാ ചെലവ് ഈ പാദത്തില്‍ 18 ബേസ് പോയിന്റുകള്‍ കുറഞ്ഞ് 8.95 ശതമാനമായി, മൂലധന പര്യാപതതാ അനുപാതം 25.85 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 0 .84 ശതമാനവും, മൊത്ത നിഷ്‌ക്രിയ ആസ്തി 1 .26 ശതമാനവുമാണ്.