ഇത്രയും സുന്ദരമായിരുന്നു ഈ ബാല്‍ക്കണി എന്നുള്ള സത്യം ഇപ്പോഴാണ് മനസ്സിലാക്കുന്നത് ; ദുബായില്‍ നിന്നും മലയാളി യുവാവ് പറയുന്നു

ഗള്‍ഫ് ഡസ്ക്
Sunday, April 5, 2020

ദുബായ് : ദുബായിൽ എൻജിനീയറായ കോഴിക്കോട് ഫറോക്ക് സ്വദേശി മഹേഷ് ലാൽ കോവിഡ്–19 കാലത്തെ തന്റെ അനുഭവം പങ്കിടുന്നു:

ഓരോ വ്യാഴാഴ്ചകളിലെയും സായാഹ്നങ്ങൾ ആഘോഷങ്ങളുടെയും ആഹ്ളാദങ്ങളുടെയും ഓർമകളാണ് ദുബായിലെ പ്രവാസികൾക്ക്. ഒരാഴ്ചത്തെ ജോലിക്കിടയിൽ അവർക്ക് ലഭിക്കുന്ന ഔദ്യോഗിക ഭാരങ്ങളില്ലാത്ത വിശ്രമ ദിവസത്തിന്റെ മുന്നോടിയായുള്ള നിമിഷങ്ങള്‍. ഒരുപക്ഷേ വെള്ളിയാഴ്ചകളേക്കാൾ ഞാനുൾപ്പെടുന്ന പ്രവാസികൾ കാത്തിരുന്നത് വാരാന്ത്യ ദിവസങ്ങളിലെ ആസുന്ദര നിമിഷങ്ങളായിരുന്നു. എന്നാൽ ഇന്നോ?

‘ഒന്നര വർഷം മുൻപായിരുന്നു ജോലി മാറ്റത്തെ തുടർന്ന് ഞാൻ ദുബായ് കരാമയിലേയ്ക്ക് കുടുംബസമേതം താമസം മാറിയത്. ഏതൊരു മലയാളിയെയും എളുപ്പത്തിൽ വശീകരിക്കുന്ന, മോഹിപ്പിക്കുന്ന ദുബായിയിലെ ഒരു ചെറുനഗരമാണിത്. നിരവധി മലയാളികൾ കുടുംബത്തോടോപ്പവവും ഒറ്റയ്ക്കുമായി ഇവിടെ ജീവിക്കുന്നു. ഇത്രയധികം കേരള റസ്റ്ററന്റുകളുള്ള മറ്റൊരു നഗരം ലോകത്തിൽ തന്നെയുണ്ടോ എന്നെനിക്ക് സംശയമാണ്. വൈവിധ്യമുള്ള രുചികൾ തേടി ദുബായിയുടെ പല ഭാഗത്തു നിന്നായി നിരവധിയാളുകൾ ഇവിടേയ്ക്ക് വരാറുണ്ട്. ഏതു ഭാഗത്തേയ്ക്ക് ജോലിക്കു പോകുന്നതിനും വളരെ സൗകര്യപ്രദമായ സ്ഥലമാണ് കരാമ.

ഒരു കടുത്ത സിനിമാ പ്രേമിയായ എനിക്ക് ആഴ്ചയിലൊരിക്കൽ തിയറ്ററിൽ പോയുള്ള സിനിമാ കാണൽ നിർബന്ധമായിരുന്നു. അതുകൊണ്ടു തന്നെ ഒട്ടുമിക്ക മലയാള ചിത്രങ്ങളും അവധി ദിവസങ്ങളിൽ ഭാര്യയോടൊപ്പം ബുർജുമാൻ സെന്ററിൽ നിന്നോ ഷിന്ദഗ സിറ്റി സെന്ററിൽ നിന്നോ സിനിമ കാണാറുണ്ടായിരുന്നു.

കണ്ടതിനു ശേഷം അബ്രയിലൂടെയുള്ള ഒരു ചെറു യാത്ര, ഭാര്യക്ക് വേണ്ടിയുള്ള ചില്ലറ ഷോപ്പിങ്ങുകൾ, തിരിച്ച് കരാമയിൽ വന്നതിനു ശേഷം മലയാളി റസ്റ്ററന്റുകളിൽ നിന്ന് കഴിക്കുന്ന സ്വാദോടെയുള്ള ഭക്ഷണം, പാർക്കിൽ പോയിരുന്ന് ശുദ്ധവായു ശ്വസിച്ചു കൊണ്ടുള്ള സ്വപ്നംകാണലുകൾ. സാധാരണക്കാരനായ എന്റെ ജീവിതത്തെ കൂടുതൽ അസാധാരണമാക്കുന്നവയിരുന്നു ആ നിമിഷങ്ങൾ. പക്ഷേ, താൽക്കാലികമായെങ്കിലും അവയെല്ലാം നിലച്ചിരിക്കുന്നു.

അപ്രതീക്ഷിതമായാണ് കൊറോണ വൈറസ് എന്ന വില്ലൻ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നതും ഒരു സഡൻബ്രേക്കോടെ ഓരോ വ്യക്തിയെയും നാലു ചുവരുകൾക്കുള്ളിൽ തളച്ചിടാൻ കാരണമായതും. ലോകം മുഴുവൻ ഇന്ന് ഭൗതികമായും മാനസികമായും ലോക് ഡൗണിൽപെട്ട് കൊണ്ടിരിക്കുന്നു. ജനിച്ചിരിക്കുന്നത് അദൃശ്യനായ പുതിയ ശത്രുവാണ്. അവന്റെ യുദ്ധവിളംബരം അതിശക്തവും ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്താവുന്ന തരത്തിലുമാണ്.

ഞങ്ങളും ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഇതേ അവസ്ഥയിലൂടെയാണ്. പക്ഷേ, അവനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന മുന്നൊരുക്കങ്ങൾ- കൈ വൃത്തിയാക്കുക, സാനിറ്റൈസറും മാസ്കും ഉപയോഗിക്കുക, സാമൂഹിക അകലം നിത്യജീവിതത്തിൽ പാലിക്കുക-

നിർദേശങ്ങളെല്ലാം അതുപോലെ തന്നെ പാലിക്കുന്നുണ്ട്. ആകെ മടുപ്പു വന്നിരുന്നത് മാനസികമായിട്ടായിരുന്നു. നാലു ചുവരുകൾക്കുള്ളിലേക്ക് തളയ്ക്കപ്പെടുമ്പോൾ നമ്മുടെ മനസ്സനുഭവിക്കുന്ന ഒരു ‘ഫ്രസ്‌ട്രേഷൻ’ ഉണ്ട്. ആവർത്തനവിരസത, ബോറടി, മനുഷ്യൻ മനുഷ്യനെ അടുപ്പിക്കാൻ ഭയക്കുന്ന അവസ്ഥകൾ – അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ നമുക്ക് തരണം ചെയ്യാം ?

ഞങ്ങളുടെ കാര്യത്തിൽ എന്റെ ഭാര്യ ആയിരുന്നു ആ നിർദേശം മുന്നോട്ടു വച്ചത്. ഫ്ലാറ്റിലെ ബാൽക്കണി പുതിയ രീതിയിൽ ഉപയോഗിക്കുക. വസ്ത്രം ഉണക്കാനും പക്ഷികൾക്ക് ധാന്യവും ദാഹജലവും നൽകാനും മാത്രമായിട്ടായിരുന്നു ബാൽക്കണി ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ ഓരോ വൈകുന്നേരവും ചെലവഴിക്കുന്നത് അവിടെ രണ്ടു കസേരകളിലിൽ ഇരുന്നുകൊണ്ടാണ്. ശുദ്ധവായു ഇവിടെയും ലഭിക്കുന്നു.

മുന്നിലോട്ടു നോക്കിയാൽ കാണുന്നത് കരാമ പോസ്റ്റ് ഓഫീസും വിജനമായ നിരത്തും വല്ലപ്പോഴും പോകുന്ന ഡെലിവറി ബൈക്കുകളും ചില്ലറ വാഹനങ്ങളും മാത്രമാണ്. എന്നാൽ, നഷ്ട്ടപ്പെട്ടു പോയെന്നു കരുതുന്ന നിമിഷങ്ങൾ ഇവിടെ വീണ്ടെടുക്കാൻ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു.

നർമ സംഭാഷണങ്ങളും അന്താക്ഷരിയും ദംഷ്‌റാസ് കളികളുമൊക്കെയായി ഓരോ സായാഹ്നങ്ങളും വ്യത്യസ്തമായി തുടങ്ങിയിരിക്കുന്നു. തൊട്ടടുത്തുള്ള കുടുംബ സുഹൃത്തും അധ്യാപികയുമായ അനു ചേച്ചിയും ഇപ്പോൾ വിദ്യാർഥികൾക്കുള്ള ഇ -ലേർണിങ് ക്ലാസുകൾ എടുക്കുന്നത് അവരുടെ ബാൽക്കണിയിൽ നിന്നുകൊണ്ടാണ്.

ഇത്രയും സുന്ദരമായിരുന്നു ഈ ബാൽക്കണി എന്നുള്ള പുതിയ സത്യം ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു. തുടർന്നുള്ള സമയങ്ങളിൽ സിനിമ കാണലും ചെറിയ വായനയും ബന്ധുക്കളോടുള്ള കുശല സംഭാഷണങ്ങളും-സമയം പഴയതു പോലെ തന്നെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. അന്നം തരുന്ന ഈ നാടിനെ ഇന്നും മനസ്സറിഞ്ഞു സ്നേഹിക്കുന്നു.

ദുബായ് വീണ്ടും പഴയതു പോലെ ആയിത്തീരും. പ്രകൃതിയുടെ ഒരു ശുദ്ധീകരണപ്രക്രിയയായി മാത്രം ഈ കൊറോണക്കാലത്തെ കാണുക. ക്രിയാത്മകമായി ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാൻ ശ്രമിക്കുക. സന്തോഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പുകൾ വിദൂരത്തല്ല. മനുഷ്യരുടെ ഇച്ഛാശക്തിയേക്കാൾ വലുതല്ലല്ലോ ഒരു കൊറോണയും.

×