നിഗമനങ്ങള്‍ തെറ്റിച്ച നിഗം .. ലഹരിയില്‍ മതി 'മറന്ന്' യുവമലയാള സിനിമ ..

New Update

ഷെയ്ന്‍ നിഗമിനെതിരേയുള്ള ആരോപണങ്ങള്‍ കെട്ടടങ്ങുന്നില്ല. ഷെയ്‌നിനൊപ്പം ജോലി ചെയ്ത് അത്ര പരിചയമില്ലാത്തവരും അബിയുമായി ആത്മബന്ധമുള്ളവരും മാത്രമാണ് ഷെയ്ന്‍ നിഗമിനെ പിന്തുണച്ച് സംസാരിക്കുന്നതെന്നും നിര്‍മാതാക്കളില്‍ ചിലര്‍ വെളിപ്പെടുത്തി.

Advertisment

കോടികള്‍ ഒഴുക്കിയാണ് മലയാള സിനിമാരംഗം പിടിച്ചുനില്‍ക്കുന്നത്. അന്യഭാഷാ സിനിമകള്‍ ആസ്വദിക്കുന്ന മലയാളികളെ തൃപ്തിപ്പെടുത്താന്‍ നിര്‍മ്മാണച്ചെലവ് കൂട്ടിയേ മതിയാകൂ. തിയറ്റര്‍ ഉടമകള്‍, സാറ്റലൈറ്റ് റൈറ്റ്, സി.ഡി റൈറ്റ് എന്നിവയ്ക്കായി പണം മുടക്കുന്നവര്‍ തുടങ്ങി ഒരു സിനിമയുടെ ഉത്തരവാദിത്തം മുഴുവന്‍ നിര്‍മാതാക്കള്‍ക്കു തന്നെയാണ്.

publive-image

ഒരു സിനിമ മുടങ്ങുക, അല്ലെങ്കില്‍ വൈകുക എന്നത് നിസാര കാര്യമല്ല. ഇതനിടെ ഷെയ്ന്‍ നിഗത്തെപോലെയുള്ള യുവനടന്മാര്‍ യാതൊരു 'കമ്മിറ്റ്‌മെന്റും' ഇല്ലാതെ പെരുമാറുന്നത് താങ്ങാനാവുന്നതിലപ്പുറമാണെന്നും അവര്‍ പറയുന്നു.

ഷെയ്ന്‍ കഴിവുള്ള നടനാണ്. അഭിനയിച്ച സിനിയെല്ലാം ഒന്നിനൊന്നു മെച്ചവുമാണ്. പക്ഷേ, നിരുത്തരവാദപരമായ പെരുമാറ്റമാണ് അയാളില്‍നിന്നുണ്ടകുന്നത്. അബിയുമായുള്ള ബന്ധവും പരിചയവുമാണ് പലര്‍ക്കും ഷെയ്‌നിനോട് അനുകമ്പതോന്നിക്കുന്നത്.

സിനിമയ്ക്കു പുറത്തുള്ള ചിലരുമായി ഷെയ്‌നിനന് ബന്ധമുണ്ട്. ഷൂട്ടിംഗ് ഉള്ള സമയത്തു പോലും ഇവരുമായി കറങ്ങാന്‍ പോകുമത്രേ. ഇവരില്‍ പലരും ലഹരിമരുന്നുകളുമായി ബന്ധമുള്ളവരാണെന്നു സംശയിക്കുന്നതായും പറയപ്പെടുന്നു.

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്ന് 'അമ്മ' എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് പറഞ്ഞു. പ്രശ്‌നമുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ 'അമ്മ'യില്‍ അംഗമായത്.

പുതുതലമുറയിലെ ചില നടന്മാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിര്‍മാതാക്കളുടെ ആരോപണം ബാബുരാജ് ശരിവച്ചു. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായുണ്ടെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്.

ഇതിനിടെ, ഷെയ്ന്‍ നിഗത്തിനെതിരേ വെളിപ്പെടുത്തലുമായി മാങ്കുളത്തെ നാട്ടുകാരും രംഗത്തെത്തിയത് പുതിയ വിവാദത്തിനു തിരികൊളുത്തി. 'കുര്‍ബാനി' എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ സെറ്റിലുണ്ടായിരുന്ന നാട്ടുകാരാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

മാങ്കുളത്ത് 'കുര്‍ബാനി'യെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം ഉടലെടുക്കുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്‌നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരു മാസമാണ് 'കുര്‍ബാനി'യുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍, താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍നിന്ന് അന്നു തന്നെ ഷെയ്‌നെ ഇറക്കിവിട്ടു.

ഉച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ ഷെയിനിനെ പുറത്താക്കിയത്.  ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടതായി പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനെതിരേ മറ്റൊരു നിര്‍മ്മാതാവും രംഗത്തെത്തി. ഷെയ്ന്‍ നായകനാകുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് താരത്തിനെതിരെ പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. കരാര്‍ തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് പരാതി.

30 ലക്ഷമാണ് കരാര്‍ പ്രകാരം നല്‍കേണ്ടിയിരുന്ന തുക. എന്നാല്‍, ഇപ്പോള്‍ കുറഞ്ഞത് 45 ലക്ഷമെങ്കിലും തരണമെന്നാണ് ഷെയ്ന്‍ പറയുന്നതെന്നാണ് പരാതി. ഷെയ്ന്‍ പ്രതിഫലം കൂട്ടിച്ചോദിക്കുന്നതിന്റെ വോയ്‌സ് ക്ലിപ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

കൂടാതെ 30 ലക്ഷം ഇപ്പോള്‍ തന്നതിനുശേഷം ഷെയര്‍ നല്‍കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ റൈറ്റ്‌സ് എഴുതി തരുകയോ ചെയ്താല്‍ മതിയെന്നും ഷെയിന്‍ ഫോണിലൂടെ പറയുന്നുണ്ട്. പുതിയ ചിത്രങ്ങള്‍ക്ക് എല്ലാം തന്നെ 75 ലക്ഷമാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും ഷെയ്ന്‍ നിര്‍മ്മാതാവിനോട് പറഞ്ഞു.

എന്നാല്‍, ഷെയ്ന്‍ നേരത്തേ കമ്മിറ്റ് ചെയ്ത 'വെയില്‍', 'കുര്‍ബാനി' തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ മറ്റു ചിത്രങ്ങളില്‍ താരവുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ് ഉല്ലാസത്തിന്റെ നിര്‍മ്മാതാക്കള്‍. സംവിധാനം ജീവന്‍ ജോജോയാണ്.

നടന്‍ ഷെയ്ന്‍ നിഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആലപ്പി അഷറഫും. ഫേസ്്ബുക്ക് കുറിപ്പിലുടെയാണ് ഷെയ്ന്‍ നിഗത്തെ വിമര്‍ശിച്ച് ആലപ്പി അഷറഫ് രംഗത്തെത്തിയത്.

''എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനേ നിഗമേ. നിന്റെ പിതാവ് അബിയുടെ ക്ഷമയും, സഹനശക്തിയും, മുതിര്‍ന്നവരോടുള്ള ബഹുമാനവും, സ്‌നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല. എന്നു തുടങ്ങുന്നു ആലപ്പി അഷറഫിന്റെ കുറിപ്പ്.

ഷോട്ട് ഓക്കെ എന്നു തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ? എന്നും അഷറഫ് ചോദിച്ചു. ഒരു സംവിധായകന്‍ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പര്‍ താരത്തിന്റെ സഹകരണം നേരിട്ടു കണ്ടിട്ടുള്ളവനാണ് താന്‍.

സംവിധായകന്‍ 'ഓക്കെദ എന്നു പറഞ്ഞിട്ടും 'ഇതുമതി' എന്നു പറഞ്ഞിട്ടും ''ഇനിയും കുറച്ചുകൂടി നന്നാക്കാം സാര്‍'' എന്നു പറഞ്ഞ് തൊഴിലിനെ സ്‌നേഹിച്ച് ഓടുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍നിന്നു പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവന്‍ വരെ ത്യജിച്ച ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു നീ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അഷറഫ് കുറിച്ചു.

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പിന്നാലെ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട നിരവധി പേരുടെ വിവരങ്ങള്‍ പലരില്‍നിന്നായി സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഒക്കെ അറിഞ്ഞു കഴിഞ്ഞു.

എന്നാല്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും ലഹരിയ്ക്കടിമകളാണെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നും തെളിഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവുമായി കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതായി അവര്‍ സമ്മതിക്കുകയും ചെയ്തു. സിനിമ- സീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്പറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

നിരവധി കേസുകളാണ് സിനിമാമേഖലയില്‍നിന്നുള്ളവര്‍ക്ക് എതിരേ വന്നിട്ടുള്ളത്. 2014 ഫെബ്രുവരി 28-ന് മരടിലെ ഫ്ളാറ്റില്‍ നഗ്നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടുകയും ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്.

11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ എറണാകുളം സ്വദേശികള്‍ നല്‍കിയ വിവരം അനുസരിച്ച് മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ട്.

ദിവസവും ഹാഷിഷ് ആവശ്യമായതിനാല്‍ വിമാനത്തിലാണ് ആന്ധ്രയില്‍ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പഴയ തലമുറയിലെ നിര്‍മാതാക്കള്‍ക്കോ ബാനറിനോ പുതിയ തലമുറയിലെ നടന്മാര്‍ ഡേറ്റ് തരുന്നില്ലെന്ന ആരോപണവുമായി സജി നന്ത്യാട്ടും രംഗത്തെത്തി.

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം ഗുരുതരമാണെന്നും ഇതേക്കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കാന്‍ തയാറാകണം. സിനിമാ സെറ്റുകളില്‍ പരിശോധന വേണമെന്നാണെങ്കില്‍ അത് നടത്തും.

സിനിമാ മേഖലയില്‍ കൃത്യമായ പെരുമാറ്റച്ചട്ടം വേണം. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന മന്ത്രി എ.കെ. ബാലന്റെ അഭിപ്രായം തന്നെയാണ് തങ്ങള്‍ക്കും ഉള്ളതെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ്. അനന്ദകൃഷ്ണന്‍ പറഞ്ഞു.

Advertisment