നാട്ടിൻ പുറത്തെ ജീവിതവും മനോഹര കാഴ്ചകളും … ‘വാർത്തകൾ ഇതുവരെ’യിലെ ആദ്യ ഗാനം, കാണുക

ഫിലിം ഡസ്ക്
Tuesday, July 23, 2019

കൊച്ചി: സിജു വിൽ‌സൺ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാർത്തകൾ ഇതുവരെ’യിലെ ആദ്യ ഗാനം മ്യൂസിക് 247 റിലീസ് ചെയ്തു. “കേൾക്കാം തകിലടികൾ” എന്ന് തുടങ്ങുന്ന ഗാനം പി ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മെജോ ജോസഫ് ഈണം നൽകിയിരിക്കുന്നു. നാട്ടിൻ പുറത്തെ ജീവിതവും മനോഹര കാഴ്ചകളും പകർത്തിയിരിക്കുന്ന ഗാനദൃശ്യങ്ങൾ തൊണ്ണൂറുകളെ ഓർമിപ്പിക്കുന്നവയാണ്.

നവാഗതനായ മനോജ് നായർ സംവിധാനം നിർവഹിച്ച “വാർത്തകൾ ഇതുവരെ” തൊണ്ണൂറുകളുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു കോമഡി ത്രില്ലറാണ്. വിനയ് ഫോർട്ട്, നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്, അലെൻസിയർ ലെ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പുതുമുഖം അഭിരാമി ഭാർഗവൻ ആണ് നായിക.

എൽദോ ഐസക് ഛായാഗ്രഹണവും ആർ ശ്രീജിത്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ലോസൺ എന്റർടെയ്ൻമെന്റ്, പി.എസ്.ജി. എന്റർടെയിൻമെന്റ്സ് എന്നിവയുടെ ബാനറിൽ ബിജു തോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ.

×