മലയാളം സൊസൈറ്റി ഓഫ് അമേരിക്ക - മലയാളത്തിന്‍റെ ഭാവി ചര്‍ച്ചാ സമ്മേളനം നടത്തി

New Update

publive-image

ഹ്യൂസ്റ്റന്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്‍റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ഫെബ്രുവരി 14-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) പ്ലാറ്റ്ഫോമില്‍ നടത്തി.

Advertisment

മലയാളം സൊസൈറ്റി പ്രസിഡന്‍റ് ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എന്‍. സാമുവല്‍ മോഡറേറ്ററായും, എ.സി. ജോര്‍ജ്ജ് വെര്‍ച്വല്‍ യോഗ ടെക്നിക്കല്‍ സപ്പോര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചു.

ഈ മാസത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത് 'മലയാളത്തിന്‍റെ ഭാവി' എന്ന വിഷയത്തെ ആധാരമാക്കി പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയ കോളേജിലെ മലയാള വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സന്‍ എഴുതിയ ഒരു പ്രബന്ധം ആയിരുന്നു. ഡോക്ടര്‍ ശ്രീവല്‍സന്‍റെ ഒരു ബന്ധുവായ അല്ലി നായര്‍ പ്രബന്ധം വായിച്ചു.

ലോകമെങ്ങുമുള്ള ഭാഷാ സ്നേഹികളെല്ലാം ആശങ്കപെടുന്ന ഒരു പ്രധാന വസ്തുതയാണ് ഭാഷയുടെ ഭാവി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ അടയാളപ്പെടുത്തുന്ന 'റെഡ് ബുക്കില്‍' ഇന്നു നാം ഭാഷയേയും ചേര്‍ത്തിരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലോക ഭാഷകളില്‍ ഓരോന്നു വീതം മരണപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ നമ്മുടെ നിലനില്‍പ്പും ചൈതന്യവുമായ മലയാള ഭാഷയുടെ നില എന്തെന്ന്
ഓര്‍ക്കുന്നത് ഉചിതമാണ്. തീര്‍ച്ചയായും ഭാഷാനാശ ഭീഷണി അടുത്ത കാലത്തൊന്നും
നേരിടാന്‍ പോകുന്ന ഒരു ഭാഷയല്ല മലയാളം.

സമ്പന്നമായ ഒരു ലിഖിത പാരമ്പര്യവും വിപുലമായ വാമൊഴി വഴക്കങ്ങളും ലോകമെമ്പാടും വിതരണവുമുള്ള ഈ ഭാഷയെക്കുറിച്ച് അശുഭാപ്തി വിശ്വാത്തിന് യാതൊരു സ്ഥാനവുമില്ല. മാത്രവുമല്ല ആയിരത്തഞ്ഞൂറിലധികം വര്‍ഷത്തെ സമ്പന്ന പൈതൃക ഭാഷകള്‍ക്കുള്ള ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ടല്ലോ. പക്ഷെ ഭാഷാ സ്നേഹികള്‍ മുഴുവന്‍ അത്രയൊന്നും സംതൃപ്തരല്ലാത്ത ചില മേഖലകളെപ്പറ്റി അന്വേഷിക്കാനും പഠിക്കാനും അദ്ദേഹം ഈ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടുണ്ട്.

publive-image

ശ്രീമാന്‍ സുകുമാരന്‍ നായരുടെ ആമുഖത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മലയാളത്തിന്‍റെ ഭാവിയെപ്പറ്റി പ്രബന്ധാവതാരകന്‍റെ ആശയങ്ങളോടു ചേര്‍ന്നു നിന്നു തന്നെ ശുഭാപ്തിവിശ്വാസം കൈവിടാതെ മലയാളത്തിന്‍റെ ഭാവിയെപ്പറ്റി ആശ നിരാശകളും ആശങ്കകളും സദസ്യര്‍ പങ്കുവച്ചു.

സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടേയും, മതമേധാവികളുടേയും, സ്റ്റേജ് അവതാരകരുടേയും പല നീണ്ട ക്ഷിപ്രഭാഷാ പ്രയോഗങ്ങളിലും അനേകം ഭാഷാപരമായ തെറ്റുകുറ്റങ്ങളും ഭാഷാ വൈകല്യങ്ങളും ഭാഷാ വധശ്രമങ്ങളും, കടന്നുകൂടാറുണ്ട്.

പൊതുജനങ്ങളുടേയും ഓഡിയന്‍സിന്‍റേയും കൈയ്യടി നേടാനുള്ള ശ്രമത്തിനിടയില്‍ ഭാഷയുടെ ഹൃത്തടത്തില്‍ കത്തി വച്ചുകൊണ്ടുള്ള കൊലവിളികള്‍ നടത്താറുണ്ട് എങ്കിലും മലയാള ഭാഷ കൊണ്ടും കൊടുത്തും കടമെടുത്തും മാറ്റങ്ങളിലൂടെ, പരിണാമങ്ങളിലൂടെ നിലനില്‍ക്കും. അതു മരിക്കുകയില്ലെന്ന ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

ജോണ്‍ ഇലക്കാട്ട്, കുര്യന്‍ മ്യാലില്‍, ടി.ജെ. ഫിലിപ്പ്, ഗോപിനാഥ പിള്ള, ശാന്ത പിള്ള,
ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, ജയിംസ്
മുട്ടുങ്കല്‍, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, പൊന്നു പിള്ള, ജോസഫ്
തച്ചാറ, അല്ലി നായര്‍, തോമസ് വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള, ഈശോ
ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

മഹാകവി ഒ.എന്‍.വി.യുടെ ചരമദിനമായ അന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ജോര്‍ജ്ജ് പുത്തന്‍കുരിശ് സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.

us news
Advertisment