സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി: മലയാളി ബാലികയ്ക്ക് പിറന്നാള്‍ദിനത്തില്‍ ഖത്തറില്‍ ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image
കോട്ടയം: കടുത്ത ചൂടിനെ തുടര്‍ന്ന് ഖത്തറില്‍ മലയാളിയായ നാല് വയസുകാരി മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ദാരുണമായി മരിച്ചത്. പിറന്നാള്‍ ദിനത്തില്‍ സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി ഉറങ്ങിപ്പോയിരുന്നു. ദോഹ അല്‍വക്രയിലെ ദ് സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വണ്‍ വിദ്യാര്‍ത്ഥിനിയാണ് മിന്‍സ. രാവിലെ സ്‌കൂള്‍ ബസില്‍ പോയ കുട്ടി ബസിനുള്ളില്‍ സീറ്റില്‍ ഉറങ്ങിപ്പോയതിനാല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.

Advertisment

ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കിടക്കുന്നതു ജീവനക്കാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഭിലാഷും കുടുംബവും വര്‍ഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരീകരിച്ചിട്ടില്ല.

അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം മിന്‍സയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

 

Advertisment