/sathyam/media/post_attachments/ia1c63AmiZ6CYSjKIyE9.jpg)
മക്ക: മൂന്ന് വർഷത്തോളമായി മക്കയിൽ നേഴ്‌സ് ആയ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി മുഹ്‌സിന (26) ആണ് മരിച്ചത്. മരണ കാരണം എന്തെന്ന് വ്യക്തമല്ല. മുഹ്സിനയുടെ മൂന്നര വയസ്സുള്ള മകൾ മാത്രമാണ് അന്ത്യം സംഭവിക്കുമ്പോൾ താമസ സ്ഥലത്തു ഉണ്ടായിരുന്നത്.
ഇവരുടെ ഭർത്താവ് സമീർ റിയാദിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പ് ബഹ്‌റൈൻ വഴി മടങ്ങിയെത്തിയ ഭർത്താവ് റിയാദിൽ ക്വറന്റീനിൽ കഴിയവെയാണ് മക്കയിലുള്ള ഭാര്യയുടെ മരണം. വിവരമറിഞ്ഞു സമീർ ചൊവാഴ്ച പുലർച്ചയോടെ മക്കയിലെത്തി.
പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കയിലെത്തിയ ഭർത്താവ് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂകോട്ടൂരിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്യുകയും അനന്തര നടപടികള ആരംഭിക്കുകയും ചെയ്തു. ദുരൂഹ സ്വഭാവത്തോടു കൂടിയുള്ള മരണം ആയതിനാൽ മൃതദേഹം വിട്ടുകിട്ടാനും ഖബറടക്കത്തിനുള്ള നടപടികൾ എടുക്കാനും സമയം വേണ്ടിവരുമെന്ന് മുജീബ് പറഞ്ഞു.
മക്ക കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മുഹ്സിന.