മാമാങ്കത്തിലെ മൂക്കുത്തി… മൂക്കുത്തി… ​ഗാനം വൈറലാകുന്നു

ഫിലിം ഡസ്ക്
Monday, October 21, 2019

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാമാങ്ക’ത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് രചിച്ച വരികൾക്ക് എം.ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്. ശ്രേയ ഘോഷാൽ ആലപിച്ചിരിക്കുന്നു.

ഉണ്ണി മുകുന്ദൻ, സുദേവ് നായർ, ഇനിയ, പ്രാചി തെഹ്്ലാൻ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമേന്തി മമ്മൂട്ടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രമാണ് മാമാങ്കം. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.

ലാപനശൈലികൊണ്ടും ദൃശ്യാവിഷാകാരം കൊണ്ടും ഗാനം ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ആരാധകപക്ഷം. പത്തുകോടിയിലേറെ രൂപ ചിലവിട്ട് നിർമിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.

×