കോല്‍ക്കത്ത: കല്‍ക്കരി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയുടെ ഭാര്യക്കെതിരെ സിബിഐ അന്വേഷണം. അഭിഷേകിന്റെ ഭാര്യ റുജിര നരുല ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്കി.
കോല്‍ക്കത്തയിലെ അഭിഷേകിന്റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ഇന്ന് റുജിരയെ അവരുടെ വീട്ടില്‍വച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
കല്‍ക്കരി മാഫിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പതിവായി കൈക്കൂലി നല്‍കിയിരുന്നതായാണ് ആരോപണം. പാര്‍ട്ടി യുവജനവിഭാഗം നേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്ന് പറയുന്നു. വിനയ് മിശ്ര ഒളിവിലാണ്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ കുനുസ്തോരിയ, കജോരിയ കല്‍ക്കരി പാടങ്ങളില്‍നിന്ന് കല്‍ക്കരി കടത്തിയതായാണ് ആരോപണം. ഇതില്‍ സിബിഐ കഴിഞ്ഞ വര്‍ഷം നവംബറില്‍ കേസെടുത്തിരുന്നു.