മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ തുടക്കം;പുതിയ ഫോണുകളുമായി പ്രമുഖർ

ന്യൂസ് ഡെസ്ക്
Monday, July 19, 2021

തിരുവനന്തപുരം: നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട്‌ ഫോണ്‍ എത്തിക്കാനായി നടന്‍ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്‌ഘാടനം ചെയ്തു. പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ക്കായുള്ള സ്മാര്‍ട്ട്‌ ഫോണുകള്‍ കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ആരംഭിച്ചപ്പോള്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ല എന്ന കാരണത്താല്‍ നിരവധി കുട്ടികള്‍ക്കാണ് പഠനത്തില്‍ തടസ്സം നേരിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ വഴി കുട്ടികളെ സഹായിക്കാന്‍ തയ്യാറാക്കുകയായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്മാര്‍ട്ട്‌ ഫോണുകള്‍ ഞങ്ങളെ ഏല്‍പ്പിക്കൂ, അര്‍ഹതപ്പെട്ട കൈകളില്‍ ഞങ്ങള്‍ എത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു’എന്ന മമ്മൂട്ടിയുടെ അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ട നിരവധി ആളുകള്‍ പുതിയ ഫോണുകളുമായി തന്നെ രംഗത്ത് വരികയായിരുന്നു.

കല്ല്യാണ്‍ ജ്വല്ലറി ഉടമ ടി.എസ് കല്യാണരാമന്‍ തിരുവനന്തപുരം നിംസ് ഹോസ്പിറ്റല്‍ പ്രവാസി വ്യവസായി പി വി സാലിതുടങ്ങിയവര്‍ നൂറിലധികം പുതിയ ഫോണുകള്‍ മമ്മൂട്ടിക്ക് കൈമാറുകയായിരുന്നു. നിലവില്‍ എഴുനൂറു പുതിയ ഫോണുകളും മുന്നൂറോളം പഴയ ഫോണുകളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

×