/sathyam/media/post_attachments/cTEgIYtlxDtdhz6o4YVi.jpg)
കോഴിക്കോട്; ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ച് പെണ്‍സുഹൃത്തിനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബു (23) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ തൃശ്ശൂരിലെ കോട്ടമുറിയിലാണ് സംഭവം. പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുമ്പോള്‍ സബ്‌സ്‌ക്രൈബര്‍ തിരക്കിലാണെന്ന സന്ദേശം കേള്‍ക്കുന്നതില്‍ പ്രകോപിതനായാണ് മര്‍ദ്ദനം.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഫോണ്‍വിളിക്കുമ്പോള്‍ പലപ്പോഴും സബ്‌സ്‌ക്രൈബര്‍ തിരക്കിലാണെന്ന സന്ദേശം കേള്‍ക്കുന്നുവെന്നാണ് പ്രതിയുടെ വാദം. ഇത് തിരക്കാനാണ് ഇയാള്‍ രാവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് ആരോടാണ് എപ്പോഴും ഫോണില്‍ സംസാരിക്കുന്നതെന്ന് ചോദിച്ച് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് കണ്ട് നിന്ന നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെച്ചു. ഉടന്‍ തന്നെ മാള എസ്.എച്ച്.ഒ. സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു പ്രതിയായ രഞ്ജിത്ത്.