കൊല്ലം: മനുഷ്യ ജീവൻ കാർന്ന് തിന്നുന്ന സിന്തറ്റിക്ക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിന്നും യുവാവിനെ ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. കണ്ണനല്ലൂർ, വാലിമുക്ക്, കാർത്തികയിൽ തോമസ് മകൻ ടോം തോമസ്(27) ആണ് പോലീസ് പിടിയിലായത്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്‌ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവതീ യുവാക്കൾക്കും വിൽപ്പനക്കായി എത്തിച്ച 60 ഗ്രാം എം.ഡി.എം.എമായി കൊല്ലം ചിന്നക്കട ഗെസ്റ്റ് ഹൗസിന് സമീപത്തുനിന്നുമാണ് ഇയാൾ പിടിയിലായത്.
ഒരു ഗ്രാമിന് 10000 രൂപ വരെ ഈടാക്കുന്ന ഈ മാരകലഹരി മരുന്നായ എം.ഡി.എം.എയുടെ അരഗ്രാം ഉപയോഗം പോലും മനുഷ്യ മനസ്സിനെ തള്ളി വിടുന്നത് ലഹരിയുടെ കരകാണാ കയങ്ങളിലേക്കാണ്. ഉപയോഗിച്ച് തുടങ്ങിയാൽ വളരെ പെട്ടന്ന് തന്നെ ലഹരി അടിമത്തതിലേക്കും അതുവഴി ഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാക്കൽ, കാഴ്ചക്കുറവ് എന്നീ ലക്ഷണങ്ങളിലൂടെ മനുഷ്യജീവൻ വരെ അപഹരിക്കുന്ന മാരക ലഹരി മരുന്നാണ് എം.ഡി.എം.എ. ഇയാൾക്കെതിരെ 2017 ലും സമാന കുറ്റകൃത്യത്തിന് കരുനാഗപ്പള്ളി പോലിസ് പിടികൂടിയിട്ടുണ്ട്. കേരളാ പോലീസിന്റെ 'യോദ്ധാവ്' ലൂടെ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും ലഭ്യതയും ഇല്ലാതാക്കുന്നതിനായി പോലീസ് നടത്തി വരുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. ജില്ലാ ഡാൻസാഫ് ടീമിന്റെ ചുമതലയുളള സി.ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സക്കറിയ മാത്യൂ, കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അഭിലാഷ് എ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ, എസ്.ഐമാരായ രെഞ്ചു,ശിവദാസൻ പിള്ള ഡാൻസാഫ് എസ്സ്.ഐ ആർ. ജയകുമാർ,ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു,രിപു,രതീഷ്, സി.പി.ഒ ലിനു ലാലൻ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സി.പി.ഒ മാരായ രഞ്ജിത്ത്, രാജഗോപാൽ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
പൊതുജനങ്ങൾക്ക് ലഹരി വ്യാപാരത്തെ പറ്റിയും ഉപയോഗത്തെ പറ്റിയുമുള്ള വിവരങ്ങൾ 9497980223, 1090, 0474 2742265, എന്നീ ഫോൺ നമ്പർ മുഖേനയോ, കേരളാ പോലീസ് ഒരുക്കിയിരിക്കുന്ന 'യോദ്ധാവ്-9995966666' എന്ന വാട്‌സാപ്പ് നമ്പർ മുഖേനയോ അറിയിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.