കൊല്ലം: അഞ്ചാലുംമൂട്ടിൽ കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ചത് തലയ്ക്കു ക്ഷതമേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടുമരുമക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാവനാട് മഠത്തിൽ കായൽവാരത്ത് പ്രവീൺഭവനിൽ പ്രവീൺ (29), സെന്റ് ജോർജ് ഐലൻഡ് കാവനാട് ആന്റണി (27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം കാവനാട് സെന്റ് ജോസഫ് ഐലൻഡ് രേഷ്മാഭവനിൽ ജോസഫാ(50)ണ് മരിച്ചത്.
പോലീസ് പറയുന്നതിങ്ങനെ, ഞായറാഴ്ച സന്ധ്യയോടെ ഭാര്യ എലിസബത്തുമായി ജോസഫ് വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകിൽ കുത്തുകയുമായിരുന്നു.സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കൾ ഇരുമ്പുവടിക്ക് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു.
സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലെത്തിച്ചു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തിയത്. തുടന്നാണ് സംഭവത്തിൽ ഉൾപ്പെട്ട മരുമക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് തുടർനടപടിയെടുക്കുമെന്ന് അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജൻ പറഞ്ഞു.