വലപ്പാട് പഞ്ചായത്തില്‍ ഒരു കോടിയുടെ വികസന പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്‍; നിരാലംബര്‍ക്ക് 20 വീടുകള്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, February 6, 2021

തൃശൂര്‍: വലപ്പാട് ഗ്രാമ പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി മണപ്പുറം ഫൗണ്ടേഷന്‍. തിരഞ്ഞെടുപ്പക്കപ്പെടുന്ന അര്‍ഹരായ 20 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഓരോ കുടുംബത്തിനും ഇതിനായി അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കും.

പഞ്ചായത്തിലെ 20 വാര്‍ഡുകളിലും വികസന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി നന്ദകുമാര്‍ പറഞ്ഞു. സരോജിനി പത്മനാഭന്‍ മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌നേഹാദരവ് 2021 ചടങ്ങിലാണ് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

പഞ്ചായത്തിലെ 36 അങ്കണവാടികള്‍ക്കായി മൂന്ന് വീതം ഏല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി.ഡി നിര്‍വഹിച്ചു. തളിക്കുളം കടലില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ച് സഹായിച്ച ദേവാംഗ്, സുബിന്‍, പുഴയില്‍ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ച നിവേദ് എന്നിവരെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ആദരിച്ചു.18 ഓളം വരുന്ന നിർധനരായ രോഗികൾക്കുള്ള വൈദ്യ സഹായ പദ്ധതി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് നിർവഹിച്ചു.

മണപ്പുറം അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷനില്‍ നിന്നും സി.എ വിജയകരമായി പൂര്‍ത്തിയാക്കിയ അഞ്ചു വിദ്യാര്‍ത്ഥികളെ മണപ്പുറം അക്കാദമിക് ഡയറക്ടര്‍ ഡോ. ഷാജി മാത്യു ആദരിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂള്‍ അധ്യാപിക കൃഷ്ണ, തൃപ്രയാര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗമായ മഞ്ജുള അരുണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭ സുബിന്‍, മുന്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാഷ്, മണപ്പുറം ഫൗണ്ടേഷന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു

×