/sathyam/media/post_attachments/XnCiPNot2yFO4iR6F3Np.jpg)
പാലാ: മാണി സി കാപ്പന്‍ എംഎല്‍എയുടെ വികസന പദ്ധതികളില്‍ നിന്നും തുക അനുവദിച്ച് നിര്‍മ്മാണ ഉത്ഘാടനവും നടത്തിയ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍.
കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റ്റെ പുതിയ ഓപി ബ്ലോക്ക് നിര്‍മ്മാണമാണ് എംഎല്‍എയുടെ വികസന ഗീര്‍വാണത്തില്‍ അകപ്പെട്ട് മുടങ്ങി കിടക്കുന്നത്. പദ്ധതിയുടെ ഫണ്ട് പ്രഖ്യാപനം അല്ലാതെ മറ്റൊരു കാര്യവും നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ തൻ്റെ എംഎൽഎ ഫണ്ടിൽ നിന്നും 95 ലക്ഷം രൂപാ അനുവദിച്ചതായിട്ടായിരുന്നു മാണി സി കാപ്പൻ്റെ പ്രഖ്യാപനം.
രോഗികൾ മാത്രമല്ല കിഴപറയാർ ഗ്രാമത്തിലേയും മീനച്ചിൽ പഞ്ചായത്തിലേയും എന്നു വേണ്ട സമീപനാടുകളിലെയൊക്കെ സാധാരണക്കാർ ഏറെ ആഹ്ളാദത്തോടെ കേട്ട ഒരു വികസന പദ്ധതി. ജനങ്ങളാകെ ആവേശത്തിലായി. ഇതു മുതലെടുത്ത് എംഎൽഎ ഈ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും ആറുമാസം മുമ്പ് ആഘോഷപൂർവ്വം നടത്തി.
പക്ഷേ നാട്ടുകാരെ മുഴുവൻ പറ്റിച്ചുകൊണ്ടുള്ള ഒരു വികസന പാരയാണ് ഇവിടെ എംഎൽഎ നടത്തിയത് എന്നാണിപ്പോൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പരാതിപ്പെടുന്നത്.
കാരണമുണ്ട്; ഒരു പദ്ധതി നടപ്പാക്കണമെങ്കിൽ ആദ്യമായി അതിന് ഭരണാനുമതി ലഭിക്കണം. തുടർന്ന് സാങ്കേതിക അനുമതിയും വേണം. എന്നാൽ കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ബ്ലോക്കിന് നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും ഈ സമയം വരെ ഈ പദ്ധതിക്ക് ഭരണാനുമതിയോ സാങ്കേതിക അനുമതിയോ ലഭിച്ചിട്ടേയില്ല !
/sathyam/media/post_attachments/fWpVRih46agnD1tkTtl9.jpg)
ജനങ്ങളുടെ ആകെ കണ്ണിൽ പൊടി ഇട്ടുകൊണ്ടാണ് മാണി സി കാപ്പൻ കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 95 ലക്ഷം അനുവദിച്ചതായി പ്രഖ്യാപിച്ചതും തുടർന്ന് നിർമ്മാണ ഉദ്ഘാടനം നടത്തിയത് എന്നും വ്യക്തം. പാവങ്ങളെ പറഞ്ഞ് പറ്റിച്ച് കടലാസിൽ മാത്രമുള്ള വികസനം.
നിർമ്മാണോദ്ഘാടനത്തിനു തിടുക്കം കൂട്ടിയതല്ലാതെ തുടർ നടപടികൾക്ക് വേണ്ടി യാതൊരു ഒരു പ്രവർത്തനങ്ങളും മാണി സി കാപ്പൻ നടത്തിയില്ല എന്നുള്ളതാണ് വസ്തുത.
ഇതുസംബന്ധിച്ച മീനച്ചിൽ പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും പലവട്ടം എംഎൽഎയുടെ അടുത്തു പോവുകയും ഇക്കാര്യം അദ്ദേഹത്തിന് ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തെങ്കിലും തറക്കില്ലിട്ടാൽ തൻ്റെ പണി കഴിഞ്ഞു എന്ന മട്ടിൽ ഒഴിഞ്ഞു മാറുകയായിരുന്നു "വികസന നായകൻ " എന്നാണാക്ഷേപമുയർന്നിട്ടുള്ളത്.
കെഎം മാണി ധനകാര്യ മന്ത്രിയായിരിക്കെ മീനച്ചിലാറ്റിൽ തറപ്പേൽ കടവിൽ പുതിയ പാലം വന്നു. ഇത് പൂർത്തിയായതോടെ കിഴപറയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോൾ ദിവസേന ഇരുന്നൂറോളം രോഗികളെങ്കിലും ഇവിടെ ചികിത്സ തേടി എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
അതുകൊണ്ടുതന്നെ ഈ ആശുപത്രിയ്ക്ക് പുതിയൊരു ബ്ലോക്ക് നിർമ്മിച്ച് ഇവിടെ കിടത്തി ചികിത്സ ആരംഭിക്കണം എന്ന ആഗ്രഹവും ജനപ്രതിനിധികൾക്കും നാട്ടുകാർക്കുമുണ്ട്. ഈ ആഗ്രഹത്തെ മുൻനിർത്തിയാണ് അവർ പുതിയ ബ്ലോക്ക് നിർമ്മാണത്തിന് സഹായിക്കണം എന്ന് പറഞ്ഞു എംഎൽഎയെ സമീപിച്ചത്.
ഉടൻതന്നെ 95 ലക്ഷം രൂപ അനുവദിച്ചതായും ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയിട്ടുണ്ടെന്നും, ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞെങ്കിലും ഇതേവരെ ഈ പദ്ധതിയ്ക്ക് അനുമതിയേ ലഭിച്ചിട്ടില്ല എന്നുള്ള ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോൾ പുറത്തു വരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us