Advertisment

മഞ്ഞിനിക്കര പെരുന്നാൾ ഫെബ്രുവരി 7 മുതൽ 13 വരെ

New Update

publive-image

Advertisment

മഞ്ഞിനിക്കര: മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 89 - മത് ദുഖ്റോനോ പെരുന്നാൾ 2021 ഫെബ്രുവരി 7 മുതൽ 13 വരെ മഞ്ഞിനിക്കര ദയറായിൽ കോവിഡ് 19 മാനദണ്ഡങ്ങളനുസരിച്ച് നടത്തപ്പെടുന്നു.

മധ്യ പൌരസ്ത്യ ദേശം കഴിഞ്ഞാൽ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര. യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രംകൂടിയാണിത്.

ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനയോടെ ചുട്ടു പൊള്ളുന്ന വെയിലിനെ വിശ്വാസതീഷ്ണതയിൽ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീര്‍ത്ഥയാത്ര പരിശുദ്ധന്റെ കബറിങ്കൽ എത്തിയിരുന്നത്. എന്നാൽ ചരിത്രത്തിലാദ്യമായി സുറിയാനി സഭയുടെ നേതൃത്വത്തിലുള്ള കാൽനട തീർത്ഥാടനം ഈവർഷം ഉണ്ടായിരിക്കുന്നതല്ല.

2021 ലെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മോർ മിലിത്തിയോസ് യൂഹാനോൻ മോർ തേവോദോസിയോസ് മാത്യൂസ്, മോർ കൂറിലോസ് ഗീവർഗീസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ മഞ്ഞിനിക്കര ദയറായിൽ നടത്തപ്പെടും.

publive-image

തുടർന്ന് പാത്രിയർക്കാ സുവർണ പതാക മഞ്ഞിനിക്കര ദയറായിൽ ഉയർത്തപ്പെടും. വൈകിട്ട് 5.30 ന് പരിശുദ്ധ കബറിങ്കൽ നിന്നും ഭക്തിനിർഭരമായി കൊണ്ടുപോകുന്ന പാത്രിയർക്കാ പതാക 6 മണിക്ക് ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ദക്ഷിണ മേഖലാ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും മഞ്ഞിനിക്കര ദയറ തലവനുമായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ഉയർത്തും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയർക്കാ പതാക ഉയർത്തും.

തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥനയും 7.30 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഈ വർഷത്തെ പെരുന്നാളിന് സുവിശേഷം യോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

ഫെബ്രുവരി 10 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് 89 നിർധനർക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർത്ഥനയും ആറിന് അനുസ്മരണ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്‌ .

ഫെബ്രുവരി 13 ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മാർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ദയറ കത്തീഡ്രലിൽ 5.45 ന് കോഴിക്കോട് ഭദ്രാസനാധിപൻ പൌലോസ് മാർ ഐറേനിയോസ്, മൂവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മാർ അന്തിമോസ്, മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് 8.30ന് യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടും.

publive-image

പെരുന്നാള്‍ കമ്മിറ്റിയുടെ ചെയർമാനായി അഭി: അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായും, ടി.സി. എബ്രഹാം കോർഎപ്പിസ്‌കോപ്പ തേക്കാട്ടിൽ വൈസ് ചെയർമാനായും കമാണ്ടർ ടു.യു.കുരുവിള (ജനറൽ കൺവീനർ) ജേക്കബ്‌ തോമസ് കോർഎപ്പിസ്‌കോപ്പ മാടപ്പാട്ട് (കൺവീനർ) എന്നിവരും ബിനു വാഴമുട്ടം പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.

കോവിഡ് 19 മാനദണ്ഡം അനുസരിച്ച് പെരുന്നാൾ ഈ വർഷം നടത്തുന്നതിന്റെ ഭാഗമായി സഭയുടെ നേതൃത്വത്തിലുള്ള കാൽനട തീർത്ഥാടനവും, ആൾകൂട്ടവും അനുവദനീയമല്ലന്നു കമ്മറ്റി ചെയർമാനും മഞ്ഞിനിക്കര ദയറ തലവനുമായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ കമ്മറ്റിയിൽ തീരുമാനിച്ചതായി പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം അറിയിച്ചു.

ഫെബ്രുവരി 7, 12, 13 തീയതികളിലെ പെരുന്നാൾ പരിപാടികൾ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തത്സമയം കാണുന്നതിനായി മലങ്കര വിഷൻ ടിവിയിലും ജെ എസ് സി ന്യൂസ് ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലും തൽസമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .

-സുനിൽ മഞ്ഞിനിക്കര

manjinikkara pilgrimage
Advertisment