ഫൂലന്‍ ദേവിയായിരുന്നു റോള്‍ മോഡല്‍; നീണ്ട 11 വര്‍ഷം തെലുങ്കാന, ഛത്തീസ്ഗഡ് ,ഒഡീഷ വനാന്തരങ്ങളില്‍ നക്‌സല്‍ ദളം പോരാളിയായി പ്രവര്‍ത്തനം; 2009ല്‍ ‘എംഎല്‍എ’ ആയി; വനന്തര ഭാഗങ്ങളിലെ ഒട്ടുമിക്ക ഊടുവഴികളും ആ പഴയ നക്‌സല്‍ പ്രവര്‍ത്തകയ്ക്കിന്നും പരിചിതമാണ്; ഇപ്പോള്‍ എം.എല്‍.എ ‘സീതക്ക’ ക്ക് രണ്ടുമാസമായി വിശ്രമമില്ല !

പ്രകാശ് നായര്‍ മേലില
Saturday, May 30, 2020

ദിവസവും രാവിലെ 8 മണിക്ക് അനുയായികളുമായി ട്രാക്ടർനിറയെ അരിയും ഭക്ഷ്യധാന്യങ്ങളും മരുന്നും തുണിത്തരങ്ങളുമായി മണിക്കൂറുകൾ യാത്രചെയ്ത് ഉൾനാടൻ വനാന്തരങ്ങളിലെ ആദിവാസി പിന്നോക്കവിഭാ ഗങ്ങളുടെ ഗ്രാമങ്ങളിലെത്തി അവ വിതരണം ചെയ്ത് അവർക്കൊപ്പം ഭക്ഷണം കഴിച്ചശേഷം എല്ലാവർക്കും കോവിഡ് മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി രാത്രിയോടെയാണ് മടങ്ങി വീട്ടിലെത്തുന്നത്.വീണ്ടും പിറ്റേദിവസം രാവിലെ മറ്റൊരു ദിശയിലാക്കായിരിക്കും അവരുടെ യാത്ര.

ആദ്യം നമുക്ക് സീതക്കയെ പ്പറ്റി അറിയാം. 49 കാരിയായ “ധനസരി അനസൂയ സീതക്ക” ( Danasari Anasuya Seethakka) തെലുങ്കാനയിലുള്ള മുളഗു നിയോജകമണ്ഡലത്തിലെ എം.എൽ.എ ആണ്. മുളഗ് ലെ ‘ഗോതി കോയ’ ആദിവാസിവിഭാഗത്തിൽ ജനിച്ചുവളർന്ന അവർ പഠനത്തിൽ മിടുക്കിയായിരുന്നു.

ചെറുപ്പം മുതൽക്കേ ആദിവാസിസമൂഹം നേരിടുന്ന ചൂഷണങ്ങളും പിന്നോക്കാവസ്ഥയും നേരിട്ടുകണ്ടനുഭവിച്ച നാളുകളിൽ അനീതിക്കെതിരേ പോരാടാനുള്ള നിശ്ചയദാർഢ്യം അവരെ മുന്നോട്ടും പഠനത്തിന്റെ വഴിയിലേക്കാണ് നയിച്ചത്.

സാമൂഹിക അസമത്വങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരേ മനസ്സിൽ രൂപപ്പെട്ടുവന്ന അഗ്നിജ്വലകൾ കെട്ടടങ്ങിയില്ല. ഫൂലൻ ദേവിയായിരുന്നു റോൾ മോഡൽ. അധർമ്മത്തിനെതിരേ അവർ നടത്തിയ പ്രതികാര പോരാട്ടങ്ങൾ ആവേശമായി മാറി.

ഡിഗ്രിക്കുശേഷം അവർ നക്സൽ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടയായി.തുടർന്ന് നീണ്ട 11 വർഷം തെലുങ്കാന, ഛത്തീസ്‌ഗഡ്‌ ,ഒഡീഷ വനാന്തരങ്ങളിൽ നക്സൽ ദളം പോരാളിയായി പ്രവർത്തിച്ചു. ഒടുവിൽ ദളം കമാൻഡറുമായി.

ഇന്നും ആദിവാസി മേഖലകളിൽ അക്ക എന്ന വിളിപ്പേരുള്ള സീതക്ക വളരെ പോപ്പുലറാണ്.അതുമാത്രമല്ല ആന്ധ്ര – തെലുങ്കാന സംസ്ഥാനങ്ങളിൽ അവരുടെ ആരാധകരും അനുയായികളും ധാരാളമാണ്. ജനങ്ങൾക്കിന്നുമവർ പഴയ അക്കയാണ്.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ശ്രമഫലമായി 1997 ൽ സീതക്കയും സംഘവും സർക്കാരിനുമുന്നിൽ കീഴടങ്ങുകയായിരുന്നു. സീതക്ക വിവാഹം കഴിച്ച കൂട്ടാളിയായ നക്സൽ നേതാവ് രാമുവിന്റെയും സ്വന്തം സഹോദരന്റെയും പോലീസ് ഏറ്റുമുട്ടലിലെ മരണവും അവർക്കൊരു മകൻ പിറന്നതുമായിരുന്നു കീഴങ്ങാനുള്ള തീരുമാനത്തിനു കാരണങ്ങളായത്. കീഴടങ്ങലിനുശേഷം അവർ വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു. ഹൈദരാബാദിൽ പോയി നിയമബിരുദത്തിനു പഠിക്കുകയും LLB കരസ്ഥമാക്കുകയും ചെയ്തു.

ഉടനെത്തി ചന്ദ്രബാബുവിൻ്റെ അടുത്ത വിളി .ഇത്തവണ ക്ഷണിച്ചത് രാഷ്ട്രീയത്തിൽ ചേർന്നുപ്രവർത്തി ക്കാനായിരുന്നു. ആദിവാസികൾക്കിടയിലെ ജനസമ്മിതി അവരെ ടിഡിപിയുടെ കൂടാരത്തിലെത്തിച്ചു. 2004 ൽ ടിഡിപി ടിക്കറ്റിൽ മുളഗ് മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും നേരിയ മാർജിനിൽ പരാജയപ്പെട്ടു. എന്നാൽ 2009 അവർ ജയിച്ചു ആദ്യമായി എം.എൽ.എ ആയി.

വനന്തര ഭാഗങ്ങളിലെ ഒട്ടുമിക്ക ഊടുവഴികളും പഴയ നക്സൽ പ്രവർത്തകയ്ക്കിന്നും പരിചിതമാണ്. ഓരോ ഗ്രാമവും അവിടുത്തെ ഗ്രാമീണരെയും അവർക്കടുത്തറിയാം. മുളഗ് മണ്ഡലത്തിലെ ആദിവാസിമേഖ ലകളിലെ റോഡുകളില്ലാതിരുന്ന 650 ൽ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇന്ന് അവരുടെ ശ്രമത്താൽ റോഡ് സൗകര്യങ്ങളായി.

ഇനിയും 72 മുതൽ 150 വരെ മലമുകളിലുള്ള ഗ്രാമങ്ങൾ ഒറ്റപ്പെട്ടുകിടക്കുകയാണ്. ആശുപത്രികൾ ,സ്‌കൂളുകൾ, തൊഴിൽ സൗകര്യങ്ങൾ ഒക്കെ അവിടെ ഉണ്ടാകേണ്ടതുണ്ട്.

ഗ്രാമീണ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് ചന്ദ്രബാബുവുമായി തെറ്റിപ്പിരിഞ്ഞ അവർ കോൺ ഗ്രസ് കൂടാരത്തിലെത്തപ്പെട്ടു. 2018 ൽ കോൺഗ്രസ്സ് ടിക്കറ്റിൽ വീണ്ടും മുളഗ് ൽ നിന്ന് ജയിച്ചെങ്കിലും ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖം.

ഇതിനുള്ള കാരണം സർക്കാരിന്റെ നിസ്സഹകരണമാണെന്നവർ ചൂണ്ടിക്കാട്ടുന്നു.ആദിവാസി മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട തൻ്റെ ആവശ്യങ്ങൾ പരിഹാസരൂപേണയാണ് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ തള്ളിക്കളയുന്നതെന്ന വേവലാതി അവർ മറച്ചുവയ്ക്കുന്നില്ല.

ആദിവാസികളിൽ അനേകായിരങ്ങൾക്ക് ഇന്നും റേഷൻ കാർഡുകളില്ല, ബാങ്ക് അക്കൗണ്ടില്ല. അതുകൊ ണ്ടുതന്നെ സർക്കാർ ലോക്ക് ഡൗൺ കാലത്ത് പ്രഖ്യാപിച്ചിരിക്കുന്ന 12 കിലോ അരിയും 1500 രൂപയും അവരിൽ പലർക്കും കിട്ടിയിട്ടില്ല.

രൂപ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടാണ് നൽകുന്നത്.മാത്രവുമല്ല സർക്കാർ സഹായ ഭവനപദ്ധതികളൊന്നും അവർക്കു ലഭിക്കുന്നുമില്ല.അക്ക ഉന്നയിക്കുന്ന ആരോപണങ്ങൾ സർക്കാർ പോലും നിഷേധിച്ചിട്ടില്ല.

അനുയായികൾ,സംഘടനകൾ,വ്യവസായികൾ,സമ്പന്നർ എന്നിവരുടെ സഹായം സ്വീകരിച്ചാണ് അവരി ക്കഴിഞ്ഞ രണ്ടുമാസമായി ആദിവാസി ഗ്രാമങ്ങളിൽ ഭക്ഷണസാധങ്ങളും മരുന്നും തുണിയുമെല്ലാം എത്തിക്കുന്നത്.

ദുർഘടം പിടിച്ച വഴികളും തോടുകളും മലകളും താണ്ടി ചിലപ്പോൾ ട്രാക്ടറിലും കാൽനടയായും ,കാളവണ്ടിയിലും മോട്ടോസൈക്കിളുമൊക്കെയാണ് അവരുടെയും സംഘത്തിന്റെയും യാത്രകൾ. പഴയ നക്സൽ കാമാൻഡറിലെ സമരവീര്യം ഒരിക്കൽക്കൂടി ഉണരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച 5 മലകൾ താണ്ടി 20 കിലോമീറ്റർ കാൽനടയായിട്ടാണ് ഛത്തീസ്‌ ഗഡ്‌ അതിർത്തിയിലുള്ള ഒരു ഗോത്രവർഗ്ഗ കൊളോണിയൽ അവർ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. സ്വന്തം മണ്ഢലം മാത്രമല്ല ബുദ്ധിമു ട്ടനുഭവിക്കുന്ന മറ്റു മണ്ഡലങ്ങളിലെയും ഗ്രാമീണ മേഖലകളിലും അവർ സാധനങ്ങളെത്തിക്കുന്നുണ്ട്. കൂടാതെ വഴിവക്കിലെ യാചകർക്കും അശരണർക്കും ഭക്ഷണപ്പൊതികളും നൽകിവരുന്നു.

ഒരോ ഗ്രാമത്തിലെത്തുമ്പോഴും കോവിഡ് രോഗത്തെപ്പറ്റിയും സാമൂഹ്യ അകലം ഉൾപ്പെടെ അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ഒക്കെ എല്ലാവർക്കും ബോധവൽക്കരണം നടത്തിയശേഷമാണവർ മടങ്ങുന്നത്.

സീതക്കയുടെ മകൻ 2017 ൽ വിവാഹിതനായി. എല്ലാ തിരക്കുകൾക്കിടയിലും സീതക്ക പഠനം ഇപ്പോഴും തുടരുന്നു എന്നതാണത്ഭുതം. അവർ നിലവിൽ ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ പി.എച്ച് ഡി ഗവേഷണ വിദ്യാർത്ഥിനിയാണ്.

 

അവസാനചിത്രങ്ങൾ – സീതാക്ക നക്സലൈറ്റ് ആയിരുന്ന കാലത്തെ ചിത്രം. സീതക്കയുടെ മകന്റെ വിവാഹത്തിന് ചന്ദ്രബാബു നായിഡുവുമൊത്ത്‌

×