വിവാഹം: സ്വയം തീരുമാനം എടുക്കുന്ന മലയാളി യുവതികളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, August 6, 2021

പാലക്കാട്:വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ 50 ശതമാനത്തിലേറെ മലയാളി യുവതികളും സ്വയം തീരുമാനം എടുക്കുന്നവരാണെന്ന് കേരള മാട്രിമോണി പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കുന്നവരും 50 ശതമാനത്തിലേറെ വരും. ഭാരത് മാട്രിമോണി ഭാഗമായ കേരള മാട്രിമോണി ഈയിടെ നടത്തിയ പഠനങ്ങള്‍ രസകരമായ പല കാര്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

മലയാളി യുവതികളുടെ പുരോഗമന സ്വഭാവം പ്രകടമാക്കുന്നതാണ് പല വസ്തുതകളും. തങ്ങളുടെ മുന്‍ഗണനകളുമായി പൊരുത്തപ്പെടുന്ന പുരുഷന്മാരെ നേരിട്ട് വിവാഹത്തിന് താല്പര്യം അറിയിക്കാന്‍ ഇവര്‍ മടിയൊന്നുമില്ല. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ തന്നെയാണ് ഇവര്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതും. പുരുഷന്മാരില്‍ 60 ശതമാനം പേര്‍ ഇത്തരം പ്രവണത ഉള്ളവരാണ്.

മലയാളികളായ യുവജനങ്ങളില്‍ 70 ശതമാനവും, മാട്രിമോണി പ്രൊഫൈലുകള്‍ തയ്യാറാക്കുന്നത് സ്വയമാണ്. 22 ശതമാനം മാത്രമാണ് മാതാപിതാക്കള്‍ തയ്യാറാക്കുന്നത്.
മലയാളി മാട്രിമോണിയുടെ സുരക്ഷയും വിശ്വാസ്യതയുമാണ്, ദശലക്ഷകണക്കിന് ജനങ്ങളെ മലയാളി മാട്രിമോണിയുമായി ചേര്‍ത്തു നിര്‍ത്തുന്നതെന്ന് മാട്രിമോണിഡോട്ട് കോം ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ അര്‍ജുന്‍ ഭാട്ടിയ പറഞ്ഞു. അഞ്ചുലക്ഷത്തിലധികം വധൂവരന്മാര്‍ ഇതില്‍ ഉണ്ട്.

ജീവിത പങ്കാളിയെ കണ്ടെത്താന്‍ യുഎസ്, യുഎഇ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ നിന്ന് മാട്രിമോണിയെ ആശ്രയിക്കുന്ന ആയിരകണക്കിനാളുകള്‍ ഉണ്ടെന്ന് ഭാട്ടിയ പറഞ്ഞു.
കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്ത 76 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ ഉണ്ട്.
31 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും മിശ്രവിവാഹത്തില്‍ തല്പരരാണ്. കേരളത്തില്‍ നിന്നുള്ള രജിസ്‌ട്രേഷനില്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും തൃശൂരും കണ്ണൂരും കൊല്ലവുമാണ് മുന്നില്‍.

90 ശതമാനം പേരും ജീവിത പങ്കാളിയെ തെരഞ്ഞെടുത്തത് മൊബൈല്‍ വഴിയാണ്. രജിസ്ട്രര്‍ ചെയ്യുന്ന പുരുഷന്മാരുടെ ശരാശരി പ്രായം 29 വയസും സ്ത്രീകളുടേത് 25 വയസുമാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 67 ശതമാനം ഹിന്ദുക്കളും 19 ശതമാനം സ്ത്രീകളും 13 ശതമാനം ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ സാങ്കേതിക വിദ്യയില്‍ തല്പരരാണ്. സാങ്കേതിക വിദ്യയും കലയും പ്രൊഫഷണല്‍ ബിരുദവും ഉള്ളവരാണ് യുവതികള്‍.19 ശതമാനം പുരുഷന്മാരും ജീവിത പങ്കാളിക്ക് ബിരുദാനന്തര ബിരുദം കാംക്ഷിക്കുന്നവരാണ്. എഞ്ചിനീയറിങ്ങ്, മാനേജ്‌മെന്റ്, മെഡിസിന്‍ എന്നിവയാണ് പെണ്‍കുട്ടികള്‍ക്ക് താല്പര്യം.

×