ഫിലാഡൽഫിയാ: ഫിലാഡൽഫിയാ മലയാളികളുടെ സുപചരിതനും ആയുർവ്വേദ വിദഗ്ദ്ധനും അറിയപ്പെടുന്ന മജീഷ്യനും, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ പെൻസിൽവാനിയായുടെ (മാപ്പ്) ആജീവനാന്ത അംഗവുമായിരുന്ന ഐ.എം.മാത്യു (മാത്യൂസ് മല്ലപ്പള്ളി - 64 ) കേരളത്തിൽ നിര്യാതനായി.
ഹൃസ്വ സന്ദർശനത്തിനും, ആയുർവേദ ചികിത്സയ്ക്കുമായി നാട്ടിലെത്തിയ മാത്യൂസ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അമേരിക്കയിലേക്കുള്ള തന്റെ മടക്ക യാത്രയുടെ സാധ്യതയെക്കുറിച്ച്, മകൻ ഷോണിയുടെ ആവശ്യപ്രകാരം തന്റെ സുഹൃത്തും പാസ്പോർട്ട് - എമിഗ്രെഷൻ രംഗത്ത് പ്രവർത്തിക്കുന്നതുമായ രാജു ശങ്കരത്തിലുമായി സംസാരിച്ച് വെറും 3 മണിക്കൂറുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കാർഡോൺ ഇഡസ്ട്രീസിൽ ഉദ്യോഗസ്ഥനായി ദീർഘകാലം ജോലി ചെയ്ത ഇദ്ദേഹം മാപ്പിന്റെ കമ്മറ്റി മെമ്പറായും മറ്റും നിരവധി തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറോൻ മാവ് ഐരൂത്തറ വീട്ടിൽ പരേതനായ മത്തായി മത്തായി (കുഞ്ഞുകൊച്ച്) പെണ്ണമ്മ മത്തായി എന്നിവരുടെ മൂത്ത മകനാണ് പരേതൻ. ഫിലാഡൽഫിയായിൽ സ്ഥിര താമസക്കാരിയായ ഓമന മാത്യു ആണ് ഭാര്യ . ഷൈൻ മാത്യു , ഷോണി മാത്യു എന്നിവർ മക്കളും ലിബി ഷൈൻ മരുമകളുമാണ്. കാരിക്കാമല മാർ ബസേലിയോസ് ചർച്ചിൽ വച്ച് നാളെ രാവിലെ 11 : 20ന് സംസ്കാര ശുസ്രൂഷകൾ ആരംഭിക്കുന്നതും അതിനെത്തുടർന്ന് സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതിക ശരീരം അടക്കം ചെയ്യുന്നതുമായിരിക്കും.
അദ്ദേഹത്തിന്റെ മരണത്തിൽ ഏഷ്യാനെറ്റ് യു.എസ്.എ. ബ്യുറോ ചീഫ് വിൻസെന്റ് ഇമ്മാനുവേൽ, മലയാളം വാർത്താ ചീഫ് എഡിറ്റർ എബ്രഹാം മാത്യു, മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്ത: രാജു ശങ്കരത്തില്‍