പരിമിത സൗകര്യങ്ങളിൽ ഇരുന്ന് ഓണക്കിറ്റുകൾ തയ്യാറാക്കുന്ന സപ്ലൈകോ മാവേലി ജീവനക്കാർ
നെന്മാറ: ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം റേഷൻകടകളിൽ കാർഡുകളുടെ നിറത്തിന് അനുസരിച്ച് പതിവ് കിറ്റിൽ നിന്നും വ്യത്യസ്തമായി 16 തരം വിഭവങ്ങളുമായാണ് ഇക്കുറി ഓണ കിറ്റുകൾ തയ്യാറാക്കുന്നത്.
ഓരോ പഞ്ചായത്തിലേക്കും അവശ്യമായ റേഷൻ കാർഡ്കളുടെ 5000 മുതൽ 15000 വരെ എണ്ണമുളള കിറ്റുകൾ തയ്യാറാക്കുന്നത് അതാതു പഞ്ചായത്തുകളിലെ സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളുടെ മേൽനോട്ടത്തിലാണ്.
മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന ചായപ്പൊടി, എണ്ണ, നെയ്യ് തുടങ്ങിയവ ഒഴികെയുള്ള ബഹുഭൂരിപക്ഷം വിഭവങ്ങളും അതാതു മാവേലിസ്റ്റോറുകൾക്ക് കീഴിലുള്ള താൽക്കാലിക ജീവനക്കാരെകൊണ്ടാണ് പാക്ക് ചെയ്തു തീർക്കുന്നത്.
വിതരണത്തിന് ആവശ്യമായ കിറ്റുകൾ പൂർണ്ണമായും മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കാൻ കഴിയാത്തതിനാൽ പാക്ക് ചെയ്യുന്ന മുറയ്ക്ക് റേഷൻ കടകളിലേക്ക് ആവശ്യമായ കിറ്റുകളുടെ എണ്ണത്തിന്റെ നിശ്ചിത അനുപാതത്തിൽ മാത്രമേ ഇപ്പോൾ വിതരണം ചെയ്യാൻ കഴിയുന്നുള്ളൂ.
ഇതിനായി സപ്ലൈകോ മാവേലി ജീവനക്കാർ രാവിലെയും വൈകിട്ടും അധിക സമയവും ഒഴിവു ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നത്. കൊറോണ വ്യാപനം മൂലം പൊതുഗതാഗത സൗകര്യം കുറഞ്ഞത് മാവേലി സപ്ലൈകോ ജീവനക്കാരുടെ യാത്രകളെയും ബാധിക്കുന്നുണ്ട്.
സർക്കാർ മുൻകൂട്ടി വിതരണ തീയതി നിശ്ചയിക്കുകയും എന്നാൽ കിറ്റിൽ ഉൾപ്പെടുത്തേണ്ട എല്ലാ വിഭവങ്ങളും മാവേലികളിൽ ആവശ്യമായ അളവിൽ എത്താത്തത്തതുമാണ് കിറ്റുകൾ തയ്യാറാക്കി നൽകുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണം.
അരി, പഞ്ചസാര, പയറുകൾ, കടലകൾ എന്നിവ സ്റ്റോക്ക് ലഭിക്കുന്നുണ്ടെങ്കിലും മുൻകൂർ പാക്ക് ചെയ്തു വരുന്ന ചായപ്പൊടി, എണ്ണ, സോപ്പ്, നെയ്യ് തുടങ്ങിയവയുടെ ലഭ്യത കുറവ് കിറ്റ് തയ്യാറാക്കുന്ന ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ആയതിനാൽ 500 കിറ്റുകൾ എത്തിക്കേണ്ട റേഷൻകടയിൽ 100, 200 എന്നിങ്ങനെ പല ദിവസങ്ങളിലായാണ് കിറ്റുകൾ എത്തിക്കുന്നത്.
ഓരോ പഞ്ചായത്തിലെയും ഓണക്കിറ്റുകൾ തയ്യാറാക്കുന്നത് സമീപത്തെ സ്കൂളുകളുടെയോ കല്യാണ മണ്ഡലങ്ങളുടെ ഹാളുകളിലെ പരിമിത സൗകര്യങ്ങളിൽ ഇരുന്നാണ് ധാന്യങ്ങളും മറ്റും തൂക്കി സീൽ ചെയ്ത് പാക്കറ്റുകളിൽ നിറയ്ക്കുന്നത്. ഓണത്തിന് മുൻപായി തന്നെ സ്കൂളുകളിലൂടെ വിതരണം ചെയ്യേണ്ട ഉച്ചക്കഞ്ഞി കിറ്റും തയ്യാറാക്കി നൽകേണ്ടതിനാൽ സപ്ലൈകോ മാവേലി ജീവനക്കാരും അവധി പോലുമില്ലാതെ തിരക്കിലാണ്.
അതോടൊപ്പം മാവേലി സ്റ്റോറുകളിലൂടെ വിൽപ്പന നടത്തേണ്ടവയും പാക്കറ്റുകളിൽ തൂക്കി നിറക്കേണ്ട ജോലിയും ഉണ്ട്. സർക്കാറിന്റെ അഭിമാന പദ്ധതിയായ കിറ്റ് തയ്യാറാക്കുന്ന ജീവനക്കാർക്ക് പ്രശംസ പോലും ലഭിക്കുന്നില്ലെന്ന് പരിഭവവും ഉയരുന്നു.