Advertisment

സർവ്വരാജ്യ തൊഴിലാളികളേ സംഘടിയ്ക്കൂ...!

New Update
subash tr article-2

മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി വിപുലമായ ആഘോഷപരിപാടികളോടെ ലോകമെമ്പാടും ആചരിച്ച് വരുന്നു. തൊഴിലാളികളുടെ സമഗ്രമായ ഉന്നമനവും സുസ്ഥിര പുരോഗതിയും തൊഴിൽ ദാതാക്കളെയും തൊഴിലാളി നേതാക്കളെയും ഭരണകർത്താക്കളെയും ഓർമിപ്പിയ്ക്കാനും കൂടിയാണ് തൊഴിലാളി ദിനം ആഘോഷിച്ചു വരുന്നത്.

Advertisment

തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിയ്ക്കാനായി അവരെ പ്രാപ്തരാക്കുന്നതിന് ഓരോ വർഷത്തെയും തൊഴിലാളി ദിനാചരണം കൊണ്ട് സാധിയ്ക്കുന്നുണ്ട്. 

സർവ്വരാജ്യ തൊഴിലാളികളേ സംഘടിയ്ക്കുവിൻ

1986 മെയ് ഒന്നിന് അമേരിയ്ക്കയിലെ ചിക്കാഗോയിൽ സമാധാനപരമായി നടന്ന തൊഴിലാളി റാലിക്ക് നേരെ എറിഞ്ഞ അഞ്ജാതന്റെ ബോംബേറും തുടർന്ന് നടന്ന പോലീസിന്റെ വെടിവെയ്പും ആണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ തിരഞ്ഞെടുത്തത്.

ജോലിസമയം എട്ട് മണിക്കൂർ ആക്കണം എന്ന തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ പിൻതുണയ്ക്കുവാൻ സർവ്വരാജ്യങ്ങളിലെയും തൊഴിലാളികളെ പിന്തുണച്ച്1886 ൽ ലോകമെങ്ങും പ്രകടനങ്ങൾ നടക്കുകയുണ്ടായി. 

തൊഴിലാളി വർഗ്ഗത്തിനും സാർവ്വത്രിക സമാധാനത്തിനും എന്ന ലക്ഷ്യത്തോടെ 1889 മെയ് ഒന്നിന് നടന്ന പ്രകടനങ്ങളും തൊഴിലാളി റാലികളും പിന്നീട് എല്ലാ മെയ് ഒന്നും ലോക തൊഴിലാളി ദിനമായി രാജ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ഏതൊരു രാജ്യത്തിന്റെയും വളർച്ചയ്ക്കും വികസനത്തിനും പിന്നിൽ അസംഖ്യം മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ  നൽകിപ്പോരുന്ന സംഭാവനകളാണ് എന്നത് അവിതർക്കിതമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ തൊഴിലാളികൾ പടുത്തുയർത്തിയ താണ് ഇന്ന് ഈ കാണുന്ന ലോകം.

അടിമത്തത്തിന്റെ അടിവേരറുത്ത്, സ്വാതന്ത്യം നേടാൻ രാജ്യങ്ങളിൽ സമര പതാകകൾ പിടിച്ചവരിൽ തൊഴിലാളികളുമുണ്ടായിരുന്നു. സംഘടിച്ച് ശക്തരായ തൊഴിലാളികൾ. സാമ്രാജ്യങ്ങൾ കെട്ടിയ കോട്ടകൊത്തളങ്ങളെ ഉലച്ചുകളഞ്ഞ് കാലത്തിന്റെ മുഖാകൃതി മാറ്റി അവർ. 

പ്രകാശവും പ്രഭാതങ്ങളും ഇനി ഒരിക്കലും കടന്നുവരത്തില്ല എന്ന് കരുതിയ നിസ്സഹായരുടെ മുന്നിലേക്ക്, സ്വാതന്ത്യത്തിന്റെ പൊൻകിരണങ്ങൾ അവരുടെ ഭാവി ചരിത്രം തിരുത്തിക്കുറിയ്ക്കാൻ അടിമത്തത്തിന്റ അന്ധകാരം തുളച്ചിറങ്ങി വരികയായിരുന്നു. 

ലോകതൊഴിലാളികളെ കിടിലം കൊള്ളിച്ച, ആവേശഭരിതരാക്കിയ   "സർവ്വരാജ്യ തൊഴിലാളികളേ സംഘടിയ്ക്കുവിൻ" എന്ന വാചകം ലോകത്തിന് മുന്നിൽ സമർപ്പിച്ചത് കാൾ മാക്സും ഏംഗൽസും ആയിരുന്നു. അവരെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലായിരുന്നു അത്.

വിവിധ തൊഴിലിടങ്ങളിലെ തൊഴിലാളികൾ അവരുടെ  ആവശ്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ അവരുടെ കടമ എന്താണ്,എന്തായിരിയ്ക്കണം എന്ന് അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കുന്നതിൽ തൊഴിലാളി നേതൃത്വവും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഗൗരവമായി എടുക്കുന്നില്ല എന്നത് ഖേദകരമാണ്.

-സുബാഷ് ടി.ആർ

Advertisment