പല്ല് വേദനക്ക് ചികിത്സക്കെത്തിയ രോഗിയുടെ കേടുവന്ന പല്ലിന് പകരം നല്ല പല്ല് പറിച്ചെന്ന് പരാതി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, November 1, 2019

കാസർകോട്: പല്ല് വേദനക്ക് ചികിത്സക്കെത്തിയ രോഗിയുടെ കേടുവന്ന പല്ലിന് പകരം നല്ല പല്ല് പറിച്ചെന്ന് പരാതി. കാസർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കാഞ്ഞങ്ങാട് വാഴക്കോട് സ്വദേശി സുമിത്രയുടെ പല്ലാണ് മാറി പറിച്ചത്. വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.

പല്ല് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സുമിത്ര കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയത്. വലത് വശത്ത് മുകൾ നിരയിലെ കോട്ടു പല്ലിനായിരുന്നു കേട്. പല്ല് പറിക്കാനായിരുന്നു തീരുമാനം. അടുത്ത ദിവസം ആശുപത്രിയിലെത്തി പല്ല് പറിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദന കുറയാത്തതോടെയാണ് കേടുവന്ന പല്ല് അല്ല പറിച്ചതെന്ന് അറിയുന്നത്. പരാതിയുമായെത്തിയപ്പോൾ കേട് വന്ന പല്ല് കൂടെ പറിക്കാമെന്നായി അധികൃതർ.

കേടുവന്ന പല്ലുകളിൽ ഒന്ന് മാത്രമാണ് പറിച്ചതെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

×