കരുനാഗപ്പള്ളിയില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തര്‍ക്കം; ആശുപത്രി രേഖകള്‍ വഴിത്തിരിവായി: അഭിഭാഷകന്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കരുനാഗപ്പള്ളിയില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവായി ആശുപത്രി രേഖകള്‍. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ ജയകുമാര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. മദ്യപിച്ചോ എന്ന് കണ്ടെത്താന്‍ പൊലീസ് ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് അവിടെയും അഭിഭാഷകന്‍ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. ആശുപത്രിയില്‍ വച്ച്‌ അഡ്വ. ജയകുമാര്‍ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാ‍റിനെ കരുനാഗപ്പള്ളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

Advertisment

അതിനിടെ, കരുനാഗപ്പള്ളി എസ്‌എച്ച്‌ഒക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അഭിഭാഷകരുടെ മൊഴിയും വ്യാജം. എസ്‌എച്ച്‌ഒക്ക് എതിരായി മൊഴി നല്‍കിയ അഭിഭാഷകര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മൊഴി നല്‍കിയ രണ്ട് അഭിഭാഷകരും 20 കിലോമീറ്ററോളം അകലെയായിരുന്നുവെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും പുറത്തു വന്നു. അഡ്വ. ജയകുമാറിനെ എസ്‌എച്ച്‌ഒ മര്‍ദ്ദിക്കുന്നത് കണ്ടെന്നായിരുന്നു അഭിഭാഷകരുടെ മൊഴി.
എസ്‌എച്ച്‌ഒ ഗോപകുമാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാമെന്ന നിയമമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ബാര്‍ ബഹിഷ്കരണ സമരം അഭിഭാഷക‌ര്‍ അവസാനിപ്പിച്ചിരുന്നു.

സെപ്തംബര്‍ 5ന് നടന്ന സംഭവത്തിന്റെ പേരില്‍ അഭിഭാഷകര്‍ കൊല്ലത്ത് കോടതി ബഹിഷ്കരണം തുടങ്ങിയതോടെ കോടതി നടപടികള്‍ തടസ്സപ്പെട്ടിരുന്നു. സമരം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്ന പ്രഖ്യാപിനത്തിന് പിന്നാലെയാണ് കൊച്ചിയില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്റെ സാന്നിധ്യത്തിലും അതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് നിയമമന്ത്രിയുടെ സാന്നിധ്യത്തിലും ചര്‍ച്ചകള്‍ നടന്നത്. അതേസമയം പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിൽ സേനക്കുള്ളില്‍ അമര്‍ഷം ശക്തമാകുകയാണ്. കള്ളപ്പരാതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള നടപടി അംഗീകരിക്കാന്‍ ആകില്ലെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ നിലപാട്.

അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിക്കുകയും വാക്കിടോക്കിക്ക് കേടുപാടുണ്ടാക്കുയും ചെയ്തിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എഎസ്‌ഐ മനോരഥന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എഡിജിപി നിശാന്തിനിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Advertisment