മികച്ച വേഷങ്ങള്‍ ഒരാള്‍ നഷ്ടപ്പെടുത്തി, വിവാഹജീവിതം തകര്‍ന്നു: മനസ് നീറി മീരാ വാസുദേവ്

ഉല്ലാസ് ചന്ദ്രൻ
Tuesday, February 4, 2020

മോഹന്‍ലാല്‍- ബ്‌ളെസി കൂട്ടുകെട്ടിലൊരുങ്ങിയ ‘തന്മാത്ര’യിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് മീര വാസുദേവ്. ‘തന്മാത്ര’യിലെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങള്‍ മീരയെ തേടി എത്തിയില്ല.

മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയില്‍ മീര വാസുദേവ് അവതരിപ്പിച്ചത്. പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത് മീര വാസുദേവാണ്. താരം മലയാളിയല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസം. മുംബൈയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് പറന്നെത്തിയത്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എത്താത്തതെന്തു കൊണ്ടെന്ന് പറയുകയാണ് മീര വാസുദേവ്. ‘തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല.

അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല’- മീര വാസുദേവ് പറഞ്ഞു.

ലേഖ എന്ന വീട്ടമ്മയുടെ വേഷത്തില്‍ തിളങ്ങാന്‍ മീരയ്ക്ക് സാധിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ കഥ നേരെ തിരിച്ചാണ്. രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെട്ടു. അതിനെക്കുറിച്ച് ഒരു പ്രമുഖമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ‘ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല.

ആദ്യ ഭര്‍ത്താവില്‍നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012-ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു’- മീര വാസുദേവ് പറഞ്ഞു.

×