ഇന്ത്യന്‍ സിനിമ

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി മേഘ്‌ന രാജ്; ആശംസയുമായി നസ്രിയ

ഫിലിം ഡസ്ക്
Saturday, July 24, 2021

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരണമടഞ്ഞതോടെയാണ് മേഘ്‌ന രാജ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും മകൻ ജൂനിയർ ചിരുവിന് ഒൻപതുമാസം പ്രായമായി. ഇപ്പോഴിതാ, ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മേഘ്‌ന രാജ്.

മകന് ഇന്ന് ഒൻപതു മാസം തികയുന്നുവെന്നും, ഒരുവർഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ സന്തോഷം പങ്കുവയ്ക്കുന്നുവെന്നുമാണ് മേഘ്‌ന കുറിക്കുന്നത്. അതിനോടൊപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രവും ഉണ്ട്.

നടിയും മേഘ്‌നയുടെ ഉറ്റ സുഹൃത്തുമായ നസ്രിയയും കൂട്ടുകാരി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്.

×