ചിക്കാഗോ/ബാൾട്ടിമൂർ: ഭാരതത്തിന് വെളിയിലെ, പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയ്ക്ക് അഭിമാന നിമിഷം- രൂപതയ്ക്കുവേണ്ടിയുള്ള മൂന്നാമത്തെ വൈദികനായി ഡീക്കൻ മെൽവിൻ പോൾ മംഗലത്ത് അഭിഷിക്തനാകുന്നു. മേയ് 16ന് ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിലാണ് തിരുപ്പട്ട സ്വീകരണം. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ വളരെക്കുറച്ചു പേർക്കു മാത്രമേ തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകൂവെന്ന് രൂപതാ നേതൃത്വം അറിയിച്ചു.
രാവിലെ 10.00ന് അർപ്പിക്കുന്ന തിരുക്കർമത്തിൽവെച്ച് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ കൈവെപ്പ് ശുശ്രൂഷയിലൂടെയാണ് ഡീക്കൻ മെൽവിൻ അഭിഷിക്തനാകുന്നത്. സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകും, ഡീക്കന്റെ ഇടവക വികാരി ഫാ. വിൽസൻ കണ്ടങ്കരി, വൊക്കേഷൻ പ്രമോട്ടർ ഫാ. പോൾ ചാലിശേരി എന്നിവർ സഹകാർമികരാകും.
വികാരി ജനറലും കത്തീഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളി, സഹവികാരി ഫാ. കെവിൻ മുണ്ടക്കൽ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റർ ഫാ. ജോർജ് മാളിയേക്കൽ, ഫാ. രാജീവ് വലിയവീട്ടിൽ എന്നിവർ തിരുക്കർമങ്ങളുടെ ക്രമീകരണം നിർവഹിക്കും. ഡീക്കന്റെ പിതാവും മാതാവും സഹോദരിയും ഉൾപ്പെടെ നാലു പേർമാത്രമായിരിക്കും തിരുക്കർമത്തിൽ പങ്കെടുക്കുന്നത്.
പ്രഥമ ദിവ്യബലി അർപ്പണം മേയ് 17 വൈകിട്ട് 4.00ന് മാതൃ ഇടവകയായ ബാൾട്ടിമോർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ നടക്കും. ഫാ. വിൽസൻ കണ്ടങ്കരി, ഫിലാഡൽഫിയ ഫൊറോനാ വികാരിയും വൊക്കേഷൻ മുൻ പ്രമോട്ടറുമായ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ എന്നിവർ സഹകാർമികരാകും. അവിടെയും കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ കുറച്ചുപേർക്കുമാത്രമേ തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകൂ. ബാൾട്ടിമോറിൽനിന്ന് ഒരു വൈദികനെ രൂപതാ ശുശ്രൂഷയിലേക്ക് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇടവകസമൂഹം. ചിക്കാഗോയിലെയും ബാൾട്ടിമൂറിലെയും തിരുക്കർമങ്ങൾ ശാലോം ടി.വിയിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
മാതാപിതാക്കളുടെ പ്രാർത്ഥനാജീവിതവും ഇടവക കേന്ദ്രീകൃതമായ സന്മാർഗ പ്രവർത്തനങ്ങളുമാണ് മെൽവിനിൽ വിശ്വാസത്തിന്റെ ആദ്യതിരിനാളം തെളിച്ചത്. ബാൾട്ടിമോർ സീറോ മലബാർ മിഷൻ ഡയറക്ടറും പിന്നീട് ഇടവകയായപ്പോൾ ആദ്യവികാരിയുമായി 10 വർഷം സേവനം ചെയ്ത ഫാ. ജയിംസ് നിരപ്പേൽ, ഫാ. വിനോദ് മഠത്തിപ്പറമ്പിൽ എന്നിവരും മെൽവിന്റെ ദൈവവിളിയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വർഷങ്ങൾക്കുമുമ്പ് കോട്ടയത്തുനിന്ന് കുടിയേറിയ മംഗലത്ത് പോൾ- ഡോളി ദമ്പതികളുടെ മകൻ മെൽവിൻ പൗരോഹിത്യ വിളി സ്വീകരിക്കുമ്പോൾ ഇടവകയ്‌ക്കൊപ്പം ജീസസ് യൂത്തിനും അഭിമാനിക്കാം. ജീസസ് യൂത്തിനൊപ്പമുള്ള പ്രവർത്തനവും അതിലൂടെ കൈവന്ന ഹെയ്ത്തി മിഷൻ അനുഭവങ്ങളാണ് പൗരോഹിത്യവിളിയെക്കുറിച്ചുള്ള ബോധ്യത്തിലേക്ക് മെൽവിനെ നയിച്ചത്.
ഹെയ്ത്തിയിൽവെച്ച് പരിചയപ്പെട്ട ഇറ്റാലിയൻ മിഷണറി ഫാ. ഐസയയുടെ ജീവിതമാതൃകയും തന്റെ പൗരോഹിത്യ വിളി സ്വീകരണത്തിൽ പ്രചോദനമായിട്ടുണ്ടെന്ന് ഡീക്കൻ മെൽവിൻ സൺഡേ ശാലോമിനോട് പറഞ്ഞു.
''ദൈവശുശ്രൂഷ എന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടമായിരുന്നു ഹെയ്ത്തിയിലെ മിഷൻ പ്രവർത്തന നാളുകൾ. യഥാർത്ഥ സഹനം, ശുശ്രൂഷയിലെ സത്യസന്ധത, യഥാർത്ഥ മിഷണറിയിലുണ്ടാകേണ്ട ദൗത്യബോധ്യം ഇവയൊക്കെ എന്താണെന്ന് ആ നാളുകളിൽ അനുഭവിച്ചറിയാനായി,''; മെൽവിൻ തുടർന്നു.
''കത്തോലിക്കാ സഭയോടും ക്രിസ്തുവിനോടുമുള്ള എന്റെ സ്‌നേഹം അനുദിനം ദിവവ്യബലി അർപ്പിക്കുന്ന ഈ പുരോഹിതരോളം വരില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുടുംബത്തിൽനിന്നും ജീസസ് യൂത്തിൽനിന്നും രൂപതയിലെ വിവിധ ഇടവകകളിൽനിന്നും ലഭിച്ച ആത്മീയ രൂപീകരണം പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിലേക്കെത്താൻ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.''
തന്നെക്കുറിച്ചുള്ള ദൈവഹിതം പൗരോഹിത്യ വിളിയാണെന്ന് തിരിച്ചറിഞ്ഞതോടെ മെൽവിൻ അക്കാര്യം വീട്ടുകാരെ അറിയിച്ചു. ആദ്യം അവർക്ക് അത് ഉൾക്കൊള്ളാനായില്ല. മകനെക്കുറിച്ചുള്ള ദൈവഹിതം അവർകൂടി ഉൾക്കൊണ്ടതോടെ സെമിനാരി പ്രവേശനത്തിനുള്ള ആഗ്രഹവുമായി മാർ ജേക്കബ് അങ്ങാടിയത്തിനെ സമീപിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹാശീർവാദത്തോടെയായിരുന്നു സെമിനാരി പ്രവേശനം.
ചിക്കാഗോ സെന്റ് ജോസഫ് സെമിനാരിയിലായിരുന്നു ഫിലോസഫി പഠനം, തിയോളജി പഠനം റോമിലും. ഡീക്കൻ പട്ടത്തിനുശേഷം ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ ആറു മാസത്തെ പാസ്റ്ററൽ ട്രയിനിംഗും പൂർത്തിയാക്കി. അതോടൊപ്പം തൃശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകയിലും ജറുസലേം ധ്യാനകേന്ദ്രത്തിലും പാസ്റ്ററൽ മിനിസ്ട്രിയും നിർവഹിച്ചു.
കോവിഡ് 19 മൂലം ജനങ്ങൾ ക്ലേശിക്കുന്ന സാഹചര്യത്തിൽ, പൗരോഹിത്യസ്വീകരണവും പ്രഥമ ദിവ്യബലി അർപ്പണവും ലളിതമായി നടത്താൻ കഴിയുന്നതിൽ സന്തോഷവാനാണ് ഡീക്കൻ മെൽവിൻ. ആഘോഷങ്ങൾ ഒഴിവാക്കുന്നതിലൂടെ മാറ്റിവെക്കുന്ന തുക കോവിഡ് ബാധിതരെ സഹായിക്കാൻവേണ്ടി ചെലവഴിക്കാനുള്ള ആഗ്രഹം അദ്ദേഹം രൂപതാധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ഫാ. പോൾ ചാലിശേരി പറഞ്ഞു. മിലാനയാണ് ഡീക്കൻ മെൽവിന്റെ ഏക സഹോദരി.
ആപ്പിൾ ടി.വി, റോക്കു, സോണി ഉൾപ്പെടെയുള്ള ഡിവൈസുകളിലൂടെയും ശാലോം ടി.വിയുടെ വെബ്, സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയും തിരുക്കർമങ്ങൾ തത്സമയം കാണാനാകും. മേയ് 16 രാവിലെ 10.00 (CST) നാണ് ചിക്കാഗോ കത്തീഡ്രലിൽനിന്നുള്ള തത്‌സമയ സംപ്രേഷണം. ബാൾട്ടിമോർ ദൈവാലയത്തിൽനിന്നുള്ള തത്‌സമയ സംപ്രേഷണം മേയ് 17 വൈകിട്ട് 4.00 (EST) നാണ്.
വെബ് പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ സന്ദർശിക്കുക
https://live.shalommedia.org/
https://www.facebook.com/ShalomMedia.org/
https://www.youtube.com/user/ShalomAmericaTV
https://www.youtube.com/syrovisionnetwork