“ഓർമ്മകൾ ” (കവിത )

ജയശങ്കര്‍ പിള്ള
Tuesday, August 11, 2020

കാലമൊരു കളിപ്പാവയായ്
കിളിവാതിൽ ചാരുമ്പോൾ
കാതരേ നീ എന്നെ അറിഞ്ഞിരുന്നോ ?!

നാദമൊരു നാളമായ്
നമ്മളിൽ ഉണരുമ്പോൾ
നിന്നനിലെ നിന്നിൽ ഞാൻ അലിഞ്ഞിരുന്നോ ?!

നിലാവുദിച്ചൊരാ നീല രാവിൽ
നിൻ നിശബ്ദ വീഥിയിലെവിടെയോ
നീർ മാതളപ്പൂവുകൾ പൂത്തിരുന്നോ?!

ആറ്റിറമ്പിലെ തൊടികളിലെവിടെയോ
ആലില കിലുങ്ങുന്ന സായന്ദനങ്ങളിൽ
ആരാരും കാണാതെ കണ്ടിരുന്നോ നമ്മൾ?!

പച്ച വിരിച്ചൊരാ ഗ്രാമാന്തരങ്ങളിൽ
പകൽ പോയ നേരം പട്ടിൽ കുളിച്ചു നീ
പാൽ പുഞ്ചിരി തൂകി കടന്നുപോയോ നിത്യം?!

കാലമൊരു കുമിളയായ് കൈവിട്ടു പോകുമ്പോൾ
കാതരേ നിന്നെ ഞാൻ കാത്തിരുന്നു
കാതരേ നിന്നെ ഞാൻ ഓർത്തിരുന്നു

×