Middle East & Gulf

കോവിഡ് പ്രതിസന്ധി: സൗദിയിലേക്കുള്ള യാത്ര സംബന്ധിച്ച്‌ സോഷ്യൽ ഫോറം നേതാക്കൾ കോൺസൽ ജനറലിന് നിവേദനം നൽകി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, July 29, 2021

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഉപജീവനത്തിന്നായിവർഷങ്ങളോളം ജോലി ചെയ്തു അവധിക്കായി നാട്ടിൽ എത്തിയവർ കോവിഡ് വ്യാപനത്താൽ യഥാസമയം തിരിച്ചു പോരാനാകാതെ നാട്ടിൽകുടുങ്ങുകയും ചെയ്ത പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിലിനെ കണ്ടു നിവേദനം നൽകി.

പ്രവാസികളുടെ മടക്ക യാത്ര സംബന്ധമായും കോവിഡ് പ്രതിരോധ കുത്തിവെപ്പ് രേഖകൾ സംബന്ധമായ അനിശ്ചിതത്വങ്ങൾ നീക്കന്നതിന് നയതന്ത്ര തലത്തിലും ഇരു രാജ്യങ്ങളുടെയും മന്ത്രാലയങ്ങൾ തമ്മിൽ ബന്ധപ്പെട്ടും നടപടികൾ കൈക്കൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്ന് കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു കുത്തിവെപ്പുകളും ലഭിച്ച പ്രവാസികൾക്ക് തിരിച്ചുപോരുന്നതിന്നു നേരിട്ടു വിമാനയാത്രക്കുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യമെങ്കിൽ സൗദിയിൽ തന്നെ ക്വാറന്റൈൻ സംവിധാനത്തിനുള്ള ശ്രമം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരികയും അവിടങ്ങളിൽ ആഴ്ചകൾ ക്വാറന്റൈനിൽ കഴിയേണ്ടി വരികയും ചെയ്യുന്നത് സാമ്പത്തികമായും മറ്റും വലിയ ബുദ്ധിമുട്ടാണ് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കുണ്ടാക്കുന്നത്.

ഇന്ത്യയിൽ നിന്ന് രണ്ടു വാക്‌സിനുകളും എടുത്തവർക്കു നേരിട്ടുള്ള വിമാനയാത്ര ഏർപ്പെടുത്തിയാൽ പരമാവധി ചെലവ് കുറക്കാൻ സാധിക്കുമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് അത് വലിയ ആശ്വാസമാകുമെന്നും സോഷ്യൽ ഫോറം നിവേദനത്തിൽ പറഞ്ഞു.

അതേ സമയം ഇന്ത്യയിൽ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും നൽകുന്ന കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ സൗദിയിൽ തങ്ങളുടെ “കോവിഡ് സ്റ്റാറ്റസ്” അപ്‌ഡേറ്റ് ചെയ്യാനാവശ്യമായ മുഴുവൻ വിവരങ്ങളോടെ ഏകീകരിച്ച രൂപത്തിലുള്ളതാക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന അതോറിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സൗദിയിൽ ആവശ്യമായ മുഴുവൻ വിവരങ്ങൾ ഇല്ലാത്തതും വ്യത്യസ്തമായ സാക്ഷ്യപ്പെടുത്തലുകളും കാരണം പ്രവാസികൾക്ക് സൗദിയിലെ താമസ സംബന്ധമായ രേഖകളിൽ ചേർക്കുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അതൊഴിവാക്കി രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും നയതന്ത്ര തലത്തിൽ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്തിയ പരിഗണനയാണ് ജിദ്ദ കോൺസുലേറ്റ് നൽകുന്നതെന്നും വിഷയത്തിന്റെ ഗൗരവം ഇരു മന്ത്രാലയങ്ങളിലെയും അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോൺസൽ ജനറൽ നിവേദക സംഘത്തോട് മറുപടിയായി പറഞ്ഞു.

ഇന്ത്യയിൽ നിന്നും തിരിച്ചു വരാനൊരുങ്ങുന്ന പ്രവാസികൾക്ക് സഹായകമാകും വിധം സംവിധാനങ്ങൾ കോസുലേറ്റിന്റെ ഭാഗത്തു നിന്നും ചെയ്തു വരുന്നതായി അദ്ദേഹം പറഞ്ഞു. തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് നിയമാനുസൃതമായ എല്ലാ സഹായങ്ങളും നൽകാനും ഇന്ത്യയിലെ വിവിധ ഭാഷകൾ സംസാരിക്കുന്ന സൗദിയിലെ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ കോൺസുലേറ്റ് അധികൃതരുടെ മുമ്പിൽ നേരിട്ട് തന്നെ അവതരിപ്പിക്കാനും സഹായം തേടാനും ജിദ്ദ കോൺസുലേറ്റ് സദാസജ്ജമാണെന്നും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സോഷ്യൽ ഫോറം ഭാരവാഹികളെ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം ഉൾപ്പടെയുള്ള സൗദിയിലെ സാമൂഹ്യ സംഘടനകൾ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ.എം. അബ്ദുല്ല, മിക്‌സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

×