/sathyam/media/media_files/39WFwmtGhly0YKRLXfUu.jpg)
ബാംഗ്ലൂര്‍: ലോകം അറിയുന്ന ശാസ്ത്ര പ്രതിഭ, ചന്ദ്രനില്‍ തൊട്ട ഇന്ത്യന്‍ ശാസ്ത്രനേട്ടത്തിന്‍റെ അഭിമാനമായ നേതൃത്വം - പക്ഷേ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്‍റെ ശമ്പളം ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരു മലയാളി നഴ്സിന് കിട്ടുന്നതിലും കുറവ്.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ ശമ്പളം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച് ചര്‍ച്ചയാക്കിയത് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയാണ്. 2.5 ലക്ഷമാണ് ചെയര്‍മാന്‍റെ ശമ്പളം. ഇത് ന്യായമാണോ എന്ന ചോദ്യമാണ് ഗോയങ്ക ഉയര്‍ത്തിയത്. ഇല്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയവര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ ശമ്പളം കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്.
ഇന്ത്യയുടെ അഭിമാനം ലോകത്തിന്‍റെ നിറുകയിലെത്തിച്ച ഇത്തരം പ്രതിഭകളെ നാട്ടില്‍ നിന്നും വിദേശത്തെത്തി സാധാരണ ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളത്തിലും കുറഞ്ഞതാക്കി നിലനിര്‍ത്തുന്നത് നീതിയല്ലെന്ന അഭിപ്രായമാണ് ഭുരിപക്ഷവും പങ്കുവച്ചത്.
ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് പുറത്തുവന്നതോടെ ഇത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വേദിയായിരിക്കുകയാണ്. രാജ്യത്തിന് അഭിമാനമായി മാറേണ്ട പ്രതിഭകളെ അര്‍ഹവും മാന്യവുമായ പ്രതിഫലം നല്‍കി രാജ്യത്തുതന്നെ നിലനിര്‍ത്തി അവരുടെ കഠിനാധ്വാനവും പ്രയത്നവും രാജ്യ പുരോഗതിക്കുവേണ്ടി വിനിയോഗിക്കണമെന്നാണ് പൊതുവികാരം. സോമനാഥിനേപ്പോലുള്ളവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും ചിലര്‍ പ്രതികരിച്ചു.
Chairman of ISRO, Somanath’s salary is Rs 2.5 lakhs month. Is it right and fair? Let’s understand people like him are motivated by factors beyond money. They do what they do for their passion and dedication to science and research, for national pride to contribute to their…
— Harsh Goenka (@hvgoenka) September 11, 2023
അവര്‍ ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള തങ്ങളുടെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ രാജ്യത്തിന് അഭിമാനമാണ്. സോമനാഥിനേപ്പോലുള്ള ആളുകള്‍ക്ക് മുമ്പില്‍ ഞാന്‍ വണങ്ങുന്നു - എന്നാണ് ഹര്‍ഷ് ഗോയങ്ക എക്സില്‍ പങ്കുവച്ച കുറിപ്പ്.