ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ വിമർശനവുമായി ബിജെപി എംപി രമേഷ് ജഗജിനാഗി. സംസ്ഥാനത്തെ പാർട്ടി നേതാക്കളെയല്ല, പകരം പാർട്ടി അധ്യക്ഷനായി വിജയേന്ദ്രയെയാണ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതെന്ന് ബിജെപി എംപി രമേഷ് ജഗജിനാഗി പറഞ്ഞു.
"നിങ്ങൾ ഒരു ദളിതനാണെങ്കിൽ, നിങ്ങൾക്ക് ബിജെപിയിൽ വളരാൻ അവസരം ലഭിക്കില്ല. ധനികരായ നേതാക്കളോ ഗൗഡമാരോ (വൊക്കലിഗകൾ) ഉണ്ടെങ്കിൽ, ആളുകൾ അവരെ പിന്തുണയ്ക്കുന്നു. എന്നാൽ ഒരു ദളിതനാണെങ്കിൽ ആരും പിന്തുണയ്ക്കില്ല.
ഞങ്ങൾക്ക് ഇത് അറിയാം, ഇത് വളരെ നിർഭാഗ്യകരമാണ്"- വിജയപുരയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രമേശ് ജഗജിനാഗി പറഞ്ഞു. ബി എസ് യെദ്യൂരപ്പയുടെ മകനായതിനാലാണ് ബി വൈ വിജയേന്ദ്രയെ പാർട്ടി ഹൈക്കമാൻഡ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര എംഎൽഎയുമായ ബി വൈ വിജയേന്ദ്ര നവംബർ 15ന് സംസ്ഥാന ബിജെപി അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നളിൻ കുമാർ കട്ടീലിനു പകരമായാണ് വിജയേന്ദ്രയെ നിയമിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് വിജയേന്ദ്രയെ കർണാടക അധ്യക്ഷനായി പ്രഖ്യാപിച്ചത്.