ബെംഗളൂരു: കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം രൂക്ഷമാകാന്‍ സാധ്യത. കാവേരി നദീതട അണക്കെട്ടുകളില്‍ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്നാടുമായി വെള്ളം പങ്കിടാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
തമിഴ്നാടിനു കുടിവെള്ളം, വിളകള്‍, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവയ്ക്കു വെള്ളം വിട്ടുനല്‍കുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാല്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണു കര്‍ണാടക.
'വിട്ടുനല്‍കാന്‍ ഞങ്ങള്‍ക്ക് വെള്ളമില്ല. കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കും.
വെള്ളം വിട്ടുനല്‍കണമെങ്കില്‍ 106 ടിഎംസിയാണ് (തൗസന്റ് മില്യന്‍ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങള്‍ക്ക് 30 ടിഎംസിയും, വിളകള്‍ സംരക്ഷിക്കാന്‍ 70 ടിഎംസിയും വ്യവസായങ്ങള്‍ക്ക് 3 ടിഎംസി വെള്ളവും ആവശ്യമാണ്.
സാധാരണ ഒരു വര്‍ഷം 177.25 ടിഎംസി വെള്ളമാണ് തുറന്നുവിടുന്നത്. ഇതുവരെ 37.7 ടിഎംസി വെള്ളം തുറന്നുവിട്ടു. 99 ടിഎംസി വെള്ളം നല്‍കേണ്ടിയിരുന്നെങ്കിലും നല്‍കിയിട്ടില്ല. 5000 ക്യുസെക് വെള്ളം തുറന്നുവിടാന്‍ സിഡബ്ല്യുഎംഎ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജലക്ഷാമമുള്ളതിനാല്‍ തുറന്നുവിട്ടില്ല'' അദ്ദേഹം പറഞ്ഞു.
15 ദിവസത്തേക്കു കൂടി 5000 ക്യുസെക് (ഘനയടി) കാവേരി ജലം തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി 12ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജലക്ഷാമ സാഹചര്യം കണക്കിലെടുത്ത് വെള്ളം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. കാവേരിയില്‍നിന്ന് 24,000 ക്യുസെക് വെള്ളം ആവശ്യപ്പെട്ടു കൊണ്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി 21ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.