ചെന്നൈ: ഒരൊറ്റ പ്രസ്താവനയിലൂടെ തമിഴ്‌നാട്ടിൽ എന്‍ഡിഎ സഖ്യം തകര്‍ത്ത യുവ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണിപ്പോള്‍ തമിഴ്‌നാട്ടിലെ താരം. തമിഴ്‌നാട്ടിൽ മാത്രമല്ല, ഡിഎംകെ പ്രധാന പങ്കാളിയായ ദേശീയ തലത്തിലെ പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യിലും തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ് ഉദയനിധി.
തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മര്‍മ്മം നോക്കിയായിരുന്നു സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ പ്രസ്താവന. ഉടന്‍ ബിജെപി ദേശീയ തലത്തില്‍തന്നെ പ്രസ്താവനയെ എതിര്‍ത്തു രംഗത്തുവന്നു. ഇതോടെ പ്രസ്താവന തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലായി അണ്ണാ ഡിഎംകെ. തമിഴ്‌നാട്ടിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ.
ഒടുവില്‍ ഇന്ന് എന്‍ഡിഎയുമായുള്ള സഖ്യം വിടുകയാണെന്ന് അണ്ണാ ഡിഎംകെയ്ക്ക് പ്രസ്താവന ഇറക്കേണ്ടിവന്നു. തമിഴ്‌നാട്ടിൽ ഇതോടെ എന്‍ഡിഎ സഖ്യം തകര്‍ന്നു. സഖ്യം വിട്ട എഐഎഡിഎംകെയുടെ ഭാവി നിലപാടും നിര്‍ണായകമാകും.
അണ്ണാ ഡിഎംകെ ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് എന്‍ഡിഎയിലെ രണ്ടാമത് ഘടകകക്ഷിയായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം പാര്‍ട്ടി തകര്‍ച്ചയിലായിരുന്നു. പക്ഷേ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന ശക്തമായ നിലയുറപ്പിക്കാന്‍ എഐഎഡിഎംകെയ്ക്ക് കഴിഞ്ഞിരുന്നു.
തമിഴ്‌നാട്ടിൽ ബിജെപിയുടെ പ്രതീക്ഷയും എഐഎഡിഎംകെ ആയിരുന്നു. ആ സഖ്യമാണ് ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' അരക്കിട്ടുറപ്പിച്ചു എന്നു പ റയാം.
കേവല ഭൂരിപക്ഷമായ 272 ലെത്താന്‍ ബാക്കി 233 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് പോരാട്ടം ലഘൂകരിക്കാന്‍ 'ഇന്ത്യ'യ്ക്ക് കഴിയും.