ചെന്നൈ: തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉള്‍പ്പെടെ 30 ഇടങ്ങളില്‍ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തില്‍ ബാലാജിയുടെ മുന്‍ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് (ടിഎന്‍ഇബി), ടാംഗേഡോ (തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, എന്നൂര്‍, നവല്ലൂര്‍, നീലങ്ങരൈ, ഒഎംആര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിവരികയാണ്.
പൊന്നേരി വെള്ളിവെയില്‍ ബൂത്തിലെ ചെന്നൈ രാധ എന്‍ജിനീയറിങ് വര്‍ക്ക്‌സ് ലിമിറ്റഡും നവല്ലൂരിലെ ഡാറ്റ പാറ്റേണ്‍സ് ഇന്‍കം ടാക്‌സ് ഓഡിറ്റ് (ഇന്ത്യ) ലിമിറ്റഡും ആദായനികുതി പരിശോധന നടത്തുന്നുണ്ട്. രാധ എന്‍ജിനീയറിങ് വര്‍ക്‌സ് ഉടമകളുടെയും ഡയറക്ടര്‍മാരുടെയും വീടുകളിലും പരിശോധന പുരോഗമിക്കുന്നു.
സെന്തില്‍ ബാലാജിയുടെ മുന്‍ സഹായി കാശിയുടെ തേനാംപേട് വെങ്കിട്ടരത്നം തെരുവിലെ വീട്ടിലും പരിശോധന തുടരുകയാണ്. തമിഴ്‌നാട് പവര്‍ ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.