'ജാതീയത, ലിംഗ വിവേചനം': പുതുച്ചേരി മന്ത്രിസഭയിലെ ഏക വനിതാമന്ത്രി എസ് ചന്ദിര പ്രിയങ്ക രാജിവെച്ചു

New Update
puyhuchery

പുതുച്ചേരി: ജാതീയതയും ലിംഗ വിവേചനവും ചൂണ്ടിക്കാട്ടി പുതുച്ചേരിയിലെ വനിതാ മന്ത്രി ചന്ദിര പ്രിയങ്ക രാജിവെച്ചു.  എഐഎൻആർസി - ബിജെപി സഖ്യ സർക്കാരിലെ ഏക വനിതാ മന്ത്രിയാണവര്‍.

Advertisment

പട്ടികജാതി ക്ഷേമം, ഗതാഗതം, കല, സംസ്‌കാരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് ചന്ദിര പ്രിയങ്ക.  രാഷ്ട്രീയത്തിലെ ജാതി- ലിംഗ വിവേചനം കാരണമാണ് രാജിവെച്ചതെന്ന് ചന്ദിര എക്സില്‍ (ട്വീറ്റർ ) പോസ്റ്റ് ചെയ്തു.

"ഞാൻ തുടർച്ചയായി ടാർഗെറ്റു ചെയ്യപ്പെടുന്നു. ഒരു പരിധിക്കപ്പുറം എനിക്കത് സഹിക്കാൻ കഴിയില്ല," - രാജിക്കത്തിൽ ചന്ദിര വ്യക്തമാക്കി. അതേസമയം വനിതാ മന്ത്രിയുടെ രാജിയിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി എൻ രംഗസാമി തയ്യാറായില്ല.

എഐഎൻആർസി (ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്) ടിക്കറ്റിലാണ് പ്രിയങ്ക മത്സരിച്ചത്. 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്രഭരണപ്രദേശത്ത് മന്ത്രിയാകുന്ന ആദ്യ വനിതയാണ് ചന്ദിര പ്രിയങ്ക. 

പേഴ്‌സണൽ അസിസ്റ്റന്‍റ് മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ് നിവാസിനും രാജിക്കത്ത് അയച്ചു. രാജിക്കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു.

തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കിടയിലുള്ള ജനപ്രീതി കൊണ്ടാണ് താൻ നിയമസഭയിലെത്തിയതെങ്കിലും, ഗൂഢാലോചനയുടെ രാഷ്ട്രീയത്തെ മറികടക്കുക അത്ര എളുപ്പമല്ലെന്നും, പണാധിപത്യത്തിനെതിരെ പോരാടാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും അവർ രാജി കത്തിൽ പറഞ്ഞു.

Advertisment