ബില്ലുകള്‍ ഒപ്പു വയ്ക്കുന്നില്ല; ഗവര്‍ണര്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

New Update
stalin

ചെന്നൈ: ബില്ലുകള്‍ ഒപ്പു വയ്ക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളും സര്‍ക്കാര്‍  ഉത്തരവുകളും തീര്‍പ്പാക്കുന്നതില്‍ വരുത്തുന്നതായി സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ശബരീഷ് സുബ്രമണ്യമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ബില്ലുകളും ഫയലുകളും സര്‍ക്കാര്‍ ഉത്തരവുകളും ക്ലിയര്‍ ചെയ്യാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനല്‍ കേസുകളില്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവര്‍ണര്‍ രവി ഒപ്പുവെക്കുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍, കൈമാറുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍ എന്നിവയില്‍ ഒപ്പുവെക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. നിഷ്‌ക്രിയത്വം, ഒഴിവാക്കല്‍, കാലതാമസം, പരാജയം, പാസാക്കിയ ബില്ലുകള്‍ക്ക് അനുവാദം നിരസിക്കല്‍ എന്നിവയും ഗവണര്‍ക്കെതിരെ ഹര്‍ജിയില്‍ പറയുന്നു. 

2020 മുതല്‍ കൈമാറിയ 12 ബില്ലുകളാണ് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത്. ഇതിന് പുറമെ 54 തടവുകാരുടെ മോചനം സംബന്ധിച്ച ഫയലുകളിലും ഗവര്‍ണറുടെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇവയില്‍ സമയബന്ധിതമായ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Advertisment