/sathyam/media/media_files/q2eH5QOkiohlCoB36fmA.webp)
ചെന്നൈ: സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ വീണ്ടും പ്രകോപനവുമായി രംഗത്ത്.
വേണ്ടിവന്നാല്‍ ഉദയനിധിയുടെ തല താന്‍ തന്നെ വെട്ടുമെന്നും പത്തുകോടി പാരിതോഷികം വര്‍ധിപ്പിക്കുമെന്നും പരമഹംസ പറഞ്ഞു. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികം നല്‍കുമെന്ന് കഴിഞ്ഞദിവസം പരമഹംസ പറഞ്ഞിരുന്നു.
'സനാതന ധര്‍മ്മത്തെ കുറിച്ച് പറയുന്നതിന് മുന്‍പ് അതിന്റെ ചരിത്രം പഠിക്കണം. ഉദയനിധി സ്റ്റാലിന്‍ മാപ്പു പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്നമല്ല, ശിക്ഷ കിട്ടിയിരിക്കും. ഉദയനിധിയുടെ തല വെട്ടിയില്ലെങ്കില്‍ പാരിതോഷികം വര്‍ധിപ്പിക്കും. ആവശ്യമെങ്കില്‍ ഞാന്‍ തന്നെ അയാളുടെ തല വെട്ടും.'- പരമഹംസ പറഞ്ഞായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ഭയക്കില്ലെന്നും താന്‍ വന്നത് കരുണാനിധിയുടെ പാതയിലൂടെ ആണെന്നും ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞദിവസം പരമഹംസയ്ക്ക് മറുപടി നല്‍കിയിരുന്നു.
'തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെ ആളുകള്‍ എന്നെ ക്കുറിച്ച് സംസാരിക്കുകയാണ്. അമിത് ഷാ മുതല്‍ നഡ്ഡവരെയുള്ള എല്ലാവരും ഉദയനിധിയെ കുറിച്ച് സംസാരിക്കുന്നു. എന്നെ അറസ്റ്റ് ചെയ്യാനായി രാജ്യവ്യാപകമായി പരാതികള്‍ പോയിരിക്കുന്നു.
എന്റെ തലവെട്ടാനായി ഒരു സന്ന്യാസി പാരിതോഷികം പ്രഖ്യാപിച്ചു. എന്റെ തലയോട് നിങ്ങള്‍ക്ക് എന്താണിത്ര സ്നേഹം? നിങ്ങള്‍ ഒരു യഥാര്‍ത്ഥ സന്ന്യാസി തന്നെയാണോ? അതില്‍ എനിക്ക് സംശയമുണ്ട്. എന്റെ തലചീകാന്‍ എന്തിനാണ് പത്തുകോടി? നിങ്ങള്‍ എനിക്കൊരു പത്തു രൂപ തന്നാല്‍ ഞാനൊരു ചീപ്പ് വാങ്ങി സ്വയം ചീകിക്കൊള്ളാം'- ഉദയനിധി പരിഹസിച്ചു.
കരുണാനിധിക്കും ഇത്തരം ഒരു സാഹചര്യം വന്നിട്ടുണ്ട്. ഒരു സന്ന്യാസി അദ്ദേഹത്തിന്റെ തലവെട്ടുന്നയാള്‍ക്ക് ഒരുലക്ഷം പ്രഖ്യാപിച്ചു. ഇനി നൂറു കോടി തന്നാലും എനിക്ക് പോലും എന്റെ മുടി ചീകാന്‍ പറ്റില്ല എന്നാണ് അദ്ദേഹം അതിനെ പരിഹസിച്ചത്.
ഞാനും അദ്ദേഹത്തിന്റെ പാതയില്‍ നടന്നുവന്നയാളാണ്. പെരിയാറും അന്‍പകഴകനും സ്റ്റാലിനും സനാതന ധര്‍മ്മത്തിന് എതിരെയാണ് പോരാടിയത്. ഡിഎംകെ ഇനിയും അത് തുടരും'- അദ്ദേഹം പറഞ്ഞു.