ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ തമിഴ്നാട് മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
ചെന്നൈയില്‍ പലിമരുമഠം സംഘടിപ്പിച്ച 'സനാതന ഉത്സവ'ത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് ഗവര്‍ണറുടെ ആരോപണം.
''സന്താന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനോ അതിനെ നശിപ്പിക്കാനോ ശ്രമിക്കുന്നവര്‍ക്ക് പിന്നില്‍ ഈ രാജ്യത്തെ തകര്‍ക്കാനുള്ള അജണ്ടയുണ്ട്. ഭാരതത്തിന്റെ പ്രധാന ശക്തി സനാതനമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഈ രാജ്യത്തെ തകര്‍ക്കണമെങ്കില്‍ സനാതനത്തെ തകര്‍ക്കണം. അതാണ് ബ്രിട്ടീഷുകാരും ചെയ്തത്. അങ്ങനെയാണ് അവര്‍ ഭാരതത്തെ വിഭജിച്ചത്.'- ആര്‍എന്‍ രവി പറഞ്ഞു,
മറ്റൊരു വിഭജനം കൂടെ താങ്ങാന്‍ ഭാരതത്തിന് കഴിയില്ലെന്നും സനാതനത്തിനെതിരെ സംസാരിക്കുന്നവരുടെ അജണ്ട ഈ നാടിനെ തകര്‍ക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സനാതന ധര്‍മ്മം അഭിവൃദ്ധി പ്രാപിച്ച പുണ്യസ്ഥലമാണ് തമിഴ്‌നാട്, ഇവിടുത്തെ ഒരു ലക്ഷത്തിലധികം വരുന്ന ലിഖിതങ്ങളില്‍ അത് വ്യകതമായി എഴുതി വെച്ചിട്ടുണ്ടെന്നും ഗവണര്‍ പറഞ്ഞു.
അടുത്തിടെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ 'സനാതന്‍ ധര്‍മ്മം' സാമൂഹിക നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പരാമര്‍ശം.