സനാതന ധര്‍മം പരാമര്‍ശത്തെച്ചൊല്ലി വാക്‌പോര് രൂക്ഷമാകുന്നു: സനാതന ധര്‍മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് സംസാരിച്ചതെന്ന് ഉദയനിധി

New Update
തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനഃസംഘടന; ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്; സത്യപ്രതി‍ജ്ഞ ബുധനാഴ്ചയെന്ന് സൂചന

ചെന്നൈ: സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെച്ചൊല്ലി വാക്‌പോര് രൂക്ഷമാകുന്നു.

Advertisment

ഉദയനിധിയുടെ പരാമര്‍ശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധര്‍മം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

 ഉദയനിധിക്കു പ്രതിരോധം തീര്‍ത്ത ഡിഎംകെ, അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരോപിച്ചു. നേതാക്കള്‍ ഇത്തരം പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡിഎംകെ കൂടി ഉള്‍പ്പെട്ട പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നേതാക്കള്‍ നിലപാടെടുത്തു.

പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പറഞ്ഞ ഉദയനിധി, സനാതന ധര്‍മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് സംസാരിച്ചതെന്നു വിശദീകരിച്ചു. നിയപരമായ ഏതു നടപടിയും നേരിടാന്‍ തയാറാണന്നു വ്യക്തമാക്കിയ അദ്ദേഹം, പെരിയാറിന്റെയും അംബേദ്കറിന്റെയും രചനകളുമായി ഏതു വേദിയിലും സംവാദത്തിനു തയാറാണെന്നും അവകാശപ്പെട്ടു.

ഡിഎംകെയുടെയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സനാതന ധര്‍മം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നതെന്നു കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചു. 

ആയിരക്കണക്കിന് ഇന്ത്യക്കാരെയും തമിഴ് ജനതയെയും അപമാനിക്കാമെന്ന് അധികാരത്തിന്റെയും സമ്പത്തിന്റെയും ബലത്തില്‍ ഉദയനിധി വിശ്വസിക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിവുകെട്ടവന്‍ എന്നതിന്റെ ഉത്തമോദാഹരണമാണ് ഉദയനിധി സ്റ്റാലിനെന്നും അദ്ദേഹം ആരോപിച്ചു.

Advertisment